ഞാന്‍ ദൈവമല്ല, മനുഷ്യനാണെന്നും തെറ്റുകള്‍ പറ്റാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായി പുറത്തുവന്ന പോഡ്കാസ്റ്റിലാണ് പരാമര്‍ശം. ഗോധ്ര ട്രെയിന്‍ തീവയ്പ്പും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അനുഭവങ്ങളും പോഡ്കാസ്റ്റില്‍ മോദി ഓര്‍ത്തെടുക്കുന്നു. അതേസമയം അജൈവികനെന്ന് പറഞ്ഞയാള്‍ മനുഷ്യനാണെന്ന് സമ്മതിച്ചതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
സിറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന്‍റെ പോഡ്കാസ്റ്റ് ഷോയിലാണ് പ്രധാനമന്ത്രി മനസുതുറക്കുന്നത്. തെറ്റുകള്‍ മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ തനിക്കും പിഴവുകള്‍ സംഭവിക്കാം. എന്നാല്‍ ബോധപൂര്‍വം തെറ്റുചെയ്യില്ല എന്നത് ജീവിത മന്ത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോധ്ര ട്രെയിന്‍ തീവയ്പ്പിന് പിന്നാലെ അവിടം സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് വേദനിപ്പിക്കുന്ന കാഴ്ചകളാണ്. മുഖ്യമന്ത്രിയായതിനാല്‍ വികാരങ്ങള്‍ സ്വയം നിയന്ത്രിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ യു.എസ്. വിസ നിഷേധിച്ചപ്പോള്‍ വേദനിച്ചെന്നും ലോകം മുഴുവന്‍ ഇന്ത്യന്‍ വിസക്കായി കാത്തുനില്‍ക്കുന്ന കാലമുണ്ടാകുമെന്ന് അന്ന് പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി.
പോഡ്കാസ്റ്റ് പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എട്ടുമാസം മുന്‍പ് അജൈവികനെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മനുഷ്യനാണെന്ന് പറയുന്നത്. പ്രതിഛായ നന്നാക്കാനുള്ള ശ്രമം മാത്രമാണ് ഇതെന്നും ജയ്റാം രമേശ് പറഞ്ഞു.