എല്ലാ ആശാ – അംഗന്‍വാടി ജീവനക്കാര്‍ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിപക്ഷ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ലക്ഷപതി ദീദി പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം 3 കോടിയായി ഉയര്‍ത്തും. ഗര്‍ഭാശയ അര്‍ബുദം പ്രതിരോധിക്കാന്‍ 9 മുതല്‍14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ നല്‍കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന വഴി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. എല്ലാ ആശാ അംഗൻവാടി ജീവനക്കാര്‍ക്കും ആയുഷ്മാൻ ഭാരത് പരിരക്ഷ ലഭിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഈ ബജറ്റിലൂടെ സാധ്യമാകുന്നത്. സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം സമ്പാദിക്കാനുതകുന്ന സാങ്കേതിക പരിശീലനമായ ലക്ഷപതി ദീദി സംരംഭത്തിന്റെ ഗുണഭോക്താക്കൾ നിലവില്‍ ഒരു കോടിയാണ്. ഇതാണ് 3 കോടിയാക്കി ഉയർത്തുന്നത്. 83 ലക്ഷം സ്വയം സഹായ സംഘങ്ങൾ രാജ്യത്തെ 9 കോടി സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തി എന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതെല്ലാം പൊള്ളയായ കണക്കാണെന്നും സ്ത്രീകളെ പരിഗണിക്കാത്ത ബജറ്റാണിതെന്നും ജെബി മേത്തര്‍ എംബി.
ലോകത്തിലെ ഗര്‍ഭാശയ അര്‍ബുദ മരണങ്ങളില്‍ നാലിലൊന്ന് ഇന്ത്യയിലാണ്. ഇത് HPV എന്ന ഒറ്റ ഡോസ് വാക്സിനിലൂടെ തടയാമെന്നാണ് നിലവിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ഈ സാഹചര്യത്തിലാണ് ഗർഭാശയ അർബുദം ചെറുക്കുന്നതിനായി 9-14 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സിനേഷൻ നല്‍കാനുള്ള തീരുമാനം. പ്രതിരോധ കുത്തിവെയ്പ്പുകള്‍ കൈകാര്യം ചെയ്യുന്നതിനും മിഷൻ ഇന്ദ്രധനുഷിൻ്റെ തീവ്രമായ ശ്രമങ്ങൾക്കുമായി പുതുതായി രൂപകൽപ്പന ചെയ്ത യു-വിൻ പ്ലാറ്റ്ഫോം രാജ്യത്ത് വ്യാപിപ്പിക്കും. മെച്ചപ്പെട്ട പോഷകാഹാര വിതരണം, കുട്ടിക്കാലത്തെ പരിചരണം, വികസനം എന്നിവയ്ക്കായി സാക്ഷം അങ്കണവാടി പദ്ധതിയും അംഗവവാടി നിലവാരം മെച്ചപ്പെടുത്താന്‍ പോഷൻ 2.0ഉം നടപ്പിലാക്കും. പത്ത് വർഷത്തിനിടെ വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചത് നിരവധി പേരുടെ ജീവിതനിലവാരം ഉയര്‍ത്തി എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
Ayushman bharat for asha anganwadi workers