പഞ്ചാബിലും കാലിടറിയതോടു കൂടി കോൺഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തി. രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലാണ്. ഡല്‍ഹിക്കുപുറമെ എഎപി പഞ്ചാബിലും ഭരണം പിടിച്ചു. കർഷക സമരങ്ങളുടെ കേന്ദ്രമായിരുന്ന പഞ്ചാബിൽ ഭരണം കൈവിട്ടത് കോൺഗ്രസിന് ഏറ്റ കനത്ത പ്രഹരമാണ്. ഇതോടുകൂടി രാജ്യത്ത് മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസിനൊപ്പമെത്താൻ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ എഎപിക്കായി.
ആംആദ്മി പാർട്ടിയുടെ വൻ മുന്നേറ്റത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പല വമ്പൻമാർക്കും കാലിടറി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്തെത്തിയ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സർ ഈസ്റ്റിൽ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ, പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരും പിന്നിലാണ്.
പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ഭഗ്വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ശിരോമണി അകാലദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്പിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.