anganwadi

TAGS

അങ്കണവാടി ടീച്ചർമാരുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ഒരു അങ്കണവാടി ടീച്ചറുടെ മകൻ.രാജ്യാന്തര വനിതാ ദിനത്തിൽ സ്വന്തം അമ്മ ഉൾപ്പെടെയുള്ള അങ്കണവാടി ടീച്ചർമാരുടെ ജീവിതം വരച്ചുകാട്ടുന്ന ചിത്രത്തിന്റെ പ്രീ ഷൂട്ട് പ്രമോയാണ് കോട്ടയം തലനാട് സ്വദേശിയായ പ്രസീദ് ബാലകൃഷ്ണൻ പുറത്തിറക്കുന്നത്.

 

അങ്കണവാടി ടീച്ചർമാരുടെ ജീവിതം വരച്ചുകാട്ടുന്ന ഒരു സിനിമ എന്ന ആശയം പങ്കുവച്ചപ്പോഴൊക്കെയും പ്രസീത് ബാലകൃഷ്ണനോട് ആളുകളുടെ മറുപടി ഇങ്ങനെയായിരുന്നു. അങ്കണവാടി ടീച്ചർമാർക്ക് എന്ത് കഥ.. എന്നാൽ അങ്കണവാടി ടീച്ചർ ആയിരുന്ന സ്വന്തം അമ്മയുടെ കഥ തന്നെയായിരുന്നു പ്രസീദിന് മുൻപോട്ട് പോകാനുള്ള ഊർജ്ജം.അമ്മയുടെ കഷ്ടപ്പാടു കണ്ടു വളർന്ന മകൻ ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ച് കണ്ടറിഞ്ഞ അവരുടെ ജീവിതമാണ് മനസ്സിലെ ഫ്രെയിമിൽ എങ്കിലും ഇത് യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ നിർമ്മാതാവിനെ കണ്ടെത്തേണ്ടതുണ്ട്. 

 

പണം മുടക്കാനാളില്ലാത്തതിനാൽ നിലവിൽ പ്രീ ഷൂട്ട് പ്രമോ മാത്രമാണ് പുറത്തിറക്കുന്നത്. ഈ സ്ത്രീ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ നിർമ്മാതാവ് എത്തുമെന്ന് തന്നെയാണ് പ്രസീദിന്റെ പ്രതീക്ഷ.  ഒന്ന് രണ്ട് അഭിനേതാക്കൾ, സുഹൃത്തുക്കൾ, ഈരാറ്റുപേട്ട ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ അങ്കണവാടി പ്രവർത്തകർ എന്നിവരുടെ പിന്തുണയിൽ ഇന്ന് വനിതാ ദിനത്തിൽ അങ്കണവാടി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമോ എത്തുകയാണ്. അങ്കണവാടി അധ്യാപകർക്ക് എന്ത് കഥ എന്ന് ചോദിച്ചവരോട് അവർക്കും ഒരു കഥയുണ്ടെന്ന് ഈ വനിതാ ദിനത്തിൽ തന്നെ വിളിച്ചു പറയുകയാണ് പ്രസീത് ബാലകൃഷ്ണൻ