തങ്ങളുടെ നൃത്തജീവിതത്തെയും അതിലെ അനുഭവങ്ങളെയും സമകാലിക നൃത്തരീതിയിൽ വേദിയിലെത്തിച്ച് എട്ട് നർത്തകർ. ലോക നൃത്ത ദിനത്തോടനുബന്ധിച്ചാണ് പ്രശസ്ത നർത്തകി അരുണിമ ഗുപ്തയുടെ ശിഷ്യർ വേറിട്ട രീതിയിൽ അരങ്ങിലെത്തിയത്.
എട്ട് പെൺകുട്ടികൾ. അവർക്ക് പറയാനുണ്ടായിരുന്നത് വ്യത്യസ്ഥമായ കഥകൾ. അവയോരോന്നും അവരുടെ ജീവിതമായിരുന്നു. നൃത്തത്തിലൂടെ അവർ സ്വയം തൊട്ടറിഞ്ഞത്, പരീക്ഷണങ്ങൾ, യാത്രകൾ. എല്ലാം അവർ ചുവടുകളിലൂടെ പറഞ്ഞു.
സമകാലിക നൃത്ത രംഗത്തെ പ്രശസ്തയായ അരുണിമ ഗുപ്തയാണ് 'ദ ഫ്‌ളോർ സ്കൂൾ ഓഫ് ഡാൻസിലെ' ഇവർ എട്ടു പേരെയും അരങ്ങിലെത്തിച്ചത്. ഡാൻസലോഗ് എന്ന പേരിലായിരുന്നു നൃത്തസൃഷ്ടി. നൃത്തം ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടത് എന്തുകൊണ്ടാണ് എന്നതിന് കൃത്യമായ വിശദീകരണമുണ്ട് അരുണിമ ഗുപ്തക്ക്. നൃത്തം തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചായിരുന്നു അരങ്ങിലെ കലാകാരികൾക്കും പറയാനുണ്ടായിരുന്നത്.