Photo Credit: facebook.com/TTDevasthanams

Photo Credit: facebook.com/TTDevasthanams

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പെന്ന വിവാദം ആന്ധ്രാപ്രദേശിനകത്തും പുറത്തും ചര്‍ച്ചയാകുമ്പോള്‍ വെങ്കിടേശ്വര ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രലിഖിതങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിക്കുകയാണ്. അതിന് കാരണവുമുണ്ട്, ആയിരത്തോളം വരുന്ന ഇത്തരം ലിഖിതങ്ങളില്‍ ക്ഷേത്രത്തിലേക്കുള്ള നെയ്യ് ഉപയോഗിക്കേണ്ട വിധം കര്‍ശനമായി നിഷ്കര്‍ഷിച്ചിരിക്കുന്നു എന്നാണ് കരുതുന്നത്.

ക്ഷേത്രത്തിന്‍റെ 'ആനന്ദ നിലയത്തിന്‍റെ' ഒന്നാം പ്രകാരത്തിന്‍റെ (അകത്തെ വടക്കൻ ഭിത്തിയിൽ) ശ്രീകോവിലിനു മുകളിലുള്ള മേലാപ്പിലായിട്ടാണ് ലിഖിതമുള്ളത്. ഇന്നും 'വിമാന വെങ്കിടേശ്വര' വിഗ്രഹത്തിന് സമീപം ലിഖിതം കാണാം. എഡി 1019-ൽ രാജേന്ദ്ര ചോളന്‍ ഒന്നാമന്‍റെ ഭരണകാലത്തുള്ള ലിഖിതം ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളെകുറിച്ചും ദാനങ്ങളെകുറിച്ചും പ്രതിപാദിക്കുന്നു.

വെങ്കിടേശ്വര ക്ഷേത്രത്തിലെ പൂജകള്‍, അന്നദാനങ്ങളുടെ നടത്തിപ്പ്, ശരിയായ പരിപാലനം എന്നിവയിലെ വീഴ്ചകൾ അന്വേഷിക്കാൻ ഒരു സമിതി രൂപീകരിക്കുന്നതിനെ പരാമർശിക്കുന്ന ആദ്യത്തെ ലിഖിതമാണിത്. ഇവ അന്വേഷിക്കുന്നതിനായി കോട്രമംഗലം ഉദയനെ രാജാവ് നിയോഗിച്ചതായ് ലിഖിതത്തില്‍ പറയപ്പെടുന്നു.

ക്ഷേത്രത്തിലേക്ക് നൈവേദ്യത്തിനായും വിളക്ക് തെളിയിക്കാനായും ഉപയോഗിക്കുന്ന നെയ്യ് നന്നായി പൊതിഞ്ഞ് ദിവസേനയുള്ള സാധനങ്ങൾക്കൊപ്പം തിരുമലയിലേക്ക് കൊണ്ടുപോകണമെന്ന് ലിഖിതത്തില്‍ പറയുന്നു. പ്രസാദം തയ്യാറാക്കുന്നതിനും കെടാവിളക്ക് തെളിയിക്കുന്നതിനും ക്ഷേത്രത്തില്‍ നെയ്യ് ഉപയോഗിച്ചിരുന്നു. നെയ്യ് എങ്ങിനെ തിരുമലയിലെത്തിക്കണമെന്നും പരാമര്‍ശിക്കുന്നുണ്ട്. പല്ലവ കാലഘട്ടം മുതൽ ക്ഷേത്രത്തിൽ പിന്തുടരുന്ന 'ദിട്ടം' എന്ന സിദ്ധാന്തത്തിന്‍റെ രൂപത്തിൽ ഈ നടപടി ക്രമങ്ങള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ALSO READ: മൂന്ന് നൂറ്റാണ്ടിന്‍റെ പെരുമ; തിരുപ്പതി ലഡ്ഡു മാഹാത്മ്യം

നൈവേദ്യത്തിനു വേണ്ടി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു ഉദ്യോഗസ്ഥൻ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും അളവും പരിശോധിക്കണം. ഇതുകൂടാതെ ക്ഷേത്ര അടുക്കളയുടെ കർശനമായ അറ്റകുറ്റപ്പണികൾ, ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നതിനുള്ള ആചാരങ്ങളും മാനദണ്ഡങ്ങള്‍, ഇവ പാലിച്ചില്ലെങ്കിലുള്ള ശിക്ഷ എന്നിവ മറ്റ് ലിഖിതങ്ങളില്‍ വിവരിക്കുന്നുണ്ട്.

തിരുമലയിലെയും തിരുപ്പതിയിലെയും ക്ഷേത്രങ്ങളിൽ മാത്രം 1,150 ലിഖിതങ്ങളുണ്ട്, അതിൽ 700 എണ്ണം തിരുമല ക്ഷേത്രത്തിന്‍റെ ചുവരുകളിൽ മാത്രം കൊത്തിവച്ചിട്ടുള്ളവയാണ്. എട്ടാം നൂറ്റാണ്ടിലെയും പതിനെട്ടാം നൂറ്റാണ്ടിലെയും ലിഖിതങ്ങൾ സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ്.

ENGLISH SUMMARY:

When the controversy over animal fat in the laddus at the Tirupati Venkateswara temple is being discussed both within and outside Andhra Pradesh, ancient temple inscriptions from the Venkateswara temple are also coming into focus. It is believed that in one of the thousands of such inscriptions, it is strictly stated that how ghee should be used and prepared for prasadam in temple.