കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ കാണികളെ അമ്പരിപ്പിച്ച് രണ്ടു സുന്ദരികളുടെ പ്രണയജീവിതങ്ങള്‍. ലോകധര്‍മി നാടകവീടിന്‍റെ ആഗ്ലേയും ക്ലിയോപാട്രയും എന്ന നാടകത്തിനാണ് കയ്യടിയും ആര്‍പ്പുവിളിയും. ഏകാംഗനാടകം അവതരിപ്പിച്ച ആര്യയ്ക്ക് അഭിനന്ദന പ്രവാഹവും.
വ്യത്യസ്തമായ രണ്ടു കഥകള്‍, രണ്ടു പെണ്‍ജീവിതങ്ങള്‍. പക്ഷേ, പ്രണയമാണ് ആ കഥകളിലെ പൊതുതത്വം. ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയും സര്‍പ്പത്തിന്‍റെ പ്രണയിനി ആഗ്ലേയും മാറി മാറി വരുന്നൊരു ഏകാംഗനാടകം. നാടകത്തിന് പ്രചോദനമായത് വില്യം ഷേക്സ്പിയറിന്‍റെ ആന്‍റണിയും ക്ലിയോപാട്രയും ലിത്വാനിയയില്‍ നിന്നുള്ള ആഗ്ലേയുടെ നാടോടി മിത്തും. ന്ദ്രദാസന്‍ രചനയും സംവിധാനവും രൂപകല്‍പനയും നിര്‍വഹിച്ച നാടകം രണ്ടാംതവണയാണ് കൊച്ചി ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിക്കപ്പെടുന്നത്.
പൂനയിലെ IAPAR ഇന്‍റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിലെ ഉദ്ഘാടന നാടകമാണിത്. നാല്‍പത്തിയഞ്ച് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് നാടകം എം.കെ. ആര്യ അരങ്ങിലെത്തിച്ചത്. ആറു ഭാഗമുള്ള നാടകം അവസാനിച്ചതും നിലയ്ക്കാത്ത കയ്യടി. സര്‍പ്പക്കളത്തിന് ചുറ്റുമാണ് പ്രകടനം. രണ്ട് ലോകോത്തര കഥകള്‍ അരങ്ങേറുമ്പോള്‍ നമ്മുടെ നാട്ടിലെ സര്‍പ്പക്കളവും അതില്‍ പ്രധാനിയായി വരുന്നു