ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗത്തിലും സൂര്യാഘാതത്തിലും 42 മരണം. അലഹാബാദില്‍ പെരുമ്പാവൂര്‍ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. ഇന്നും താപനില 45 ഡിഗ്രി സെല്‍സ്യസിനുമുകളില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്. രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരംതേടി ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
ഒരാഴ്ചയിലേറെയായി തുടരുന്ന ഉഷ്ണതരംഗവും സൂര്യാഘാതവും ഉത്തരേന്ത്യയില്‍ ജീവന്‍ അപഹരിക്കുന്നു. ഔറംഗബാദില്‍ 12 പേരുള്‍പ്പെടെ ബിഹാറില്‍ രണ്ടുദിവസത്തിനിടെ 20 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ഒഡിഷ റൂര്‍ക്കേലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴുമണിക്കൂറിനിടെ 10 പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജസ്ഥാനിലും ജാര്‍ഖണ്ഡിലും അഞ്ചുപേര്‍ വീതവും മരണപ്പെട്ടു. ഹിമാലയ യാത്രമധ്യേ അലഹബാദിലെത്തിയ പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണനും സൂര്യാഘാതമേറ്റ് മരിച്ചു. 58 വയസായിരുന്നു. ഒരാഴ്ച മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പെരുമ്പാവൂരില്‍ നിന്ന് യാത്രതിരിച്ചത്. ഇന്നലെ രാജസ്ഥാനില്‍ 48.3 ഉം ഹരിയാനയില്‍ 47ഉം ഡല്‍ഹിയില്‍ 45.6 ഡിഗ്രി സെല്‍സ്യസുമാണ് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഇന്ന് നേരിയ കുറവുണ്ടാവുമെങ്കിലും 45ന് മുകളില്‍ തുടര്‍ന്നേക്കും.
ഡല്‍ഹിയില്‍ ഇരട്ടിദുരിതമായി ജലക്ഷാമവും രൂക്ഷമായി. ചാണക്യപുരി, ഗീതാ കോളനി തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളില്‍ പൈപ്പ് വഴിയുള്ള ജലവിതരണം തടസപ്പെട്ടു. ടാങ്കറില്‍ വെള്ളമെത്തിക്കുമ്പോള്‍ വന്‍തിരക്കും പിടിവലിയുമാണ്. ജലക്ഷാമം പരഹരിക്കാന്‍ ഹരിയാനയുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വെള്ളമെത്തിക്കാന്‍ ഇടപെടലാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.