മൂന്നര പതിറ്റാണ്ടിനിടയില്‍ രാജ്യം കണ്ട ഏറ്റവും ചൂടേറിയ മാസമായിരുന്നു മേയ് എന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഏപ്രിലിലും മേയ് മാസത്തിലുമായിരുന്നു താപനില കത്തിക്കയറിയതെന്നും രാജ്യത്തെ പലയിടങ്ങളിലും ഉഷ്ണതരംഗം പതിവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൊല്ലം ഏപ്രിലില്‍ രാജ്യത്തെ ശരാശരി താപനില 35.6 ഡിഗ്രി സെല്‍സ്യസായിരുന്നു. 2004 ലെ തിരഞ്ഞെടുപ്പ് കാലത്ത് 35 ഡിഗ്രി, 2009 ല്‍ 35.5 ഡിഗ്രി, 2014 ല്‍ 35.3 ഡിഗ്രി, 2019 ല്‍ 35.7 ഡിഗ്രി സെല്‍സ്യസ് എന്നിങ്ങനെയായിരുന്നു താപനില. ഇക്കൊല്ലം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്.
37.3 ഡിഗ്രി സെല്‍സ്യസായിരുന്നു മേയ് മാസത്തെ ഉയര്‍ന്ന ശരാശരി താപനിലയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1988 മേയില്‍ ഇത് 37.4 ഡിഗ്രി സെല്‍സ്യസായിരുന്നു. മുന്‍വര്‍ഷങ്ങളിലെ താപനില റെക്കോര്‍ഡുകള്‍ പല സംസ്ഥാനങ്ങളിലും ഇക്കുറി തകര്‍ന്നടിഞ്ഞുെവന്നും കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. മേയ് 31ന് രാജസ്ഥാനിലെ ആല്‍വാറില്‍ 46.5 ഡിഗ്രി സെല്‍സ്യസാണ് രേഖപ്പെടുത്തിയത്. അന്നേ ദിവസം ബിലാസ്പുറില്‍ 46.8 ഡിഗ്രി സെല്‍സ്യസും ബുലന്ദ്ശഹറില്‍ 46 ഡിഗ്രി സെല്‍സ്യസും രേഖപ്പെടുത്തി. സദാ തണുപ്പുള്ള ഡെറാഡൂണിലെ മലനിരകളില്‍ പോലും 43.2 ഡിഗ്രി സെല്‍സ്യസ് വരെ താപനില ഉയര്‍ന്നു.
ദക്ഷിണേന്ത്യയില്‍ ഇതുവരെ അനുഭവപ്പെടാത്ത ചൂടാണ് വേനല്‍ക്കാലത്തിന്‍റെ തുടക്കം മുതല്‍ ലഭിച്ചത്. സൂര്യന്‍ നേരെ തലയ്ക്ക് മുകളിലായതിനായാണ് വേനലിന്‍റെ ആരംഭത്തില്‍ (മാര്‍ച്ച്–ഏപ്രില്‍) മഹാരാഷ്ട്ര, ഗുജറാത്ത്, മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് അധികമായതെന്നും തീവ്രമായ സൂര്യ രശ്മികള്‍ ലംബമായി പതിക്കുന്ന സ്ഥിതിയായിരുന്നുവെന്നും കാലാവസ്ഥ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ വേനല്‍ക്കാലത്തിന്‍റെ അവസാനത്തില്‍ (മേയ്–ജൂണ്‍) സൂര്യന്‍ നേരെ ഉത്തരേന്ത്യയ്ക്ക് മുകളിലെത്തിയെന്നും ഇതോടെ അവിടെ ചൂട് അസഹ്യമായി മാറിയെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം കുറയാന്‍ പോലും ചൂട് കാരണമായെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് മുതല്‍ മേയ് വരെ രാജ്യത്ത് 56 പേര്‍ക്ക് ഉഷ്ണതരംഗത്തില്‍ ജീവന്‍ നഷ്ടമായെന്നും കാല്‍ ലക്ഷത്തോളം പേര്‍ക്ക് സൂര്യാഘാതമേറ്റെന്നുമാണ് കണക്ക്.