‘മരുഭൂമിയിലെ മഴ’ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുളിരാണ്. അപ്പോള്‍ മരുഭൂമിയിലെ പൂക്കാലമോ? പൂക്കള്‍ പരവതാനി തീര്‍ക്കുന്ന ഇടമാണ് തെക്കേ അമേരിക്കന്‍ രാജ്യമായ ചിലെയിലെ അറ്റക്കാമ മരുഭൂമി. പൊതുവേ ‘പൂക്കളുടെ മരുഭൂമി’ എന്നാണിത് അറിയപ്പെടുന്നത്. എന്നാല്‍ ഇത്തവണ പൂക്കാലം എത്തിയതാകട്ടെ പതിവിലും നേരത്തെയും.
മരുഭൂമിയിലെ പൂക്കാലം എന്ന് കേള്‍ക്കുമ്പോള്‍, സുഖകരമായ കാലാവസ്ഥയാണ് അറ്റക്കാമയിലേത് എന്ന് കരുതരുത്. ലോകത്തിലെ ഏറ്റവും വരണ്ട ഭൂപ്രദേശങ്ങളില്‍ ഒന്നാണിത്. ചൊവ്വയിലെ സാഹചര്യങ്ങളുമായി സാമ്യമുള്ളതിനാൽ ഈ പ്രദേശം ചൊവ്വ പര്യവേഷണങ്ങളുടെ ടെസ്റ്റിങ് സൈറ്റായും ഉപയോഗിക്കുന്നുണ്ട്
അഞ്ച് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ മരുഭൂമികളില്‍ മഴ പെയ്യാറുണ്ട്. ഇങ്ങനെ ശരിയായ അളവിലുള്ള മഴയും താപനിലയും ചേരുമ്പോള്‍ മരുഭൂമിയിലെ വിത്തുകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങും. മരുഭൂമി പൂക്കളുടെ പരവതാനിയായി മാറും. സാധാരണയായി ഓഗസ്റ്റ് അവസാനമോ സെപ്തംബര്‍ മാസത്തിലോ ആണ് പൂക്കള്‍ വിരിയാറുള്ളത്. ഇത്തവണയാകട്ടെ പതിവിലും നേരത്തെയാണ്. എന്നാല്‍ വസന്തകാലത്ത് പൂക്കുന്ന അത്രയും പ്രദേശം നിലവില്‍ പൂവിട്ടിട്ടില്ല.
നിലവില്‍ ചിലെയില്‍ ഇത് ശൈത്യകാലമാണ്. എന്നാല്‍ ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന എല്‍നിനോ എന്ന പ്രതിഭാസമാണ് ഇത്തവണ പതിവിലും നേരത്തെ പൂമഴ പെയ്തതിന് പിന്നില്‍. ഏപ്രിലിൽ 11 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ‘ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് നിലവില്‍ പൂവിട്ടിരിക്കുന്നത്. മണൽ പ്രദേശങ്ങളില്‍ വളരുന്ന വെള്ളം ആവശ്യമില്ലാത്ത സസ്യമാണിത്.
ചിലെയിലെ കാത്തലിക് സര്‍വകലാശാല പറയുന്നതനുസരിച്ച് കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ഏകദേശം പതിനഞ്ച് തവണ മരുഭൂമിയില്‍ പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളിലും കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാല്‍ പൂക്കള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനാണ് സാധ്യത. 2022ൽ ചിലെയിലെ സര്‍ക്കാര്‍ അറ്റകാമ മരുഭൂമിയിലെ പൂക്കളെയും പ്രാണികള്‍, ഉരഗങ്ങള്‍, പക്ഷികള്‍ എന്നിവ ഉൾപ്പെടെയുള്ള ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ ദേശീയോദ്യാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തെക്കേ അമേരിക്കയുടെ പസഫിക് തീരത്ത് ചിലിയുടെ വടക്ക് ഭാഗത്തായിട്ടാണ് അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആൻഡീസ് പർവതനിരകളുടെ പടിഞ്ഞാറ് ഭാഗത്ത് 1,600 കിലോമീറ്റർ നീളത്തില്‍ 41,000 ചതുരശ്ര മൈൽ വിസ്തൃതിയില്‍ ഇത് വ്യാപിച്ച് കിടക്കുന്നു. ലോകത്തിലെ ഏറ്റവും വരണ്ട രണ്ടാമത്തെ മരുഭൂമിയും പഴക്കം ചെന്ന മരുഭൂമിയുമാണിത്.