ഭൂമിയെ ആഗോള താപനത്തില്‍ നിന്നും മറ്റ് കാലാവസ്ഥ വ്യതിയാനങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് 'ക്ലീന്‍ എനര്‍ജി' ഉപയോഗം വര്‍ധിപ്പിക്കാനുള്ള വ്യാപക ചര്‍ച്ചകള്‍ നടക്കുകയും ലോകമൊന്നാകെ അത്തരം പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തുവരുന്നത്. എന്നാല്‍ ഈ പരിശ്രമങ്ങള്‍ക്ക് ആശങ്കയേറ്റുന്നതാണ് കേംബ്രിജ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട്. ക്ലീന്‍ എനര്‍ജിക്കായി വേണ്ടി വരുന്ന അസംസ്കൃത പദാര്‍ഥങ്ങള്‍ അയ്യായിരത്തോളം വരുന്ന ജീവിവര്‍ഗങ്ങളുടെ വംശനാശത്തിന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കറന്‍റ് ബയോളജിയെന്ന ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

സോളാര്‍  പാനലുകളും കാറ്റാടികളും ഇലക്ട്രിക് കാറുകളും നിര്‍മിക്കുന്നതിന് ലിഥിയവും കൊബാള്‍ട്ടും അവശ്യവസ്തുവാണ്. ലിഥിയം നിര്‍മിക്കുന്നതിനായി ചുണ്ണാമ്പ് കല്ല് ഖനനം ചെയ്യുകയാണ് ആദ്യപടി. ചുണ്ണാമ്പ് കല്ല് ഖനനത്തിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതിലാണ് സിമന്‍റ് ഉപയോഗിച്ച് വരുന്നതും. അതിലോലമായ ജൈവ മേഖലകളില്‍ ഇത്തരം ഖനനം നടക്കുന്നതാണ് ജീവികളുടെ നിലനില്‍പ്പിനെ തകിടം മറിക്കുന്നതെന്ന് പഠനം പറയുന്നു. ജൈവ മേഖലകള്‍ക്ക് പുറമെയുള്ള പ്രദേശങ്ങളിലേക്കും ജലസ്രോതസുകള്‍ വഴിയും ഖനികളിലേക്ക് റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളുണ്ടാകാനുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിസര പ്രദേശങ്ങളെയും ഇവ ബാധിക്കുന്നുവെന്നുമാണ് കണ്ടെത്തല്‍. 

ചുണ്ണാമ്പ് കല്ലുകളുള്ള സ്ഥലം ആവാസ വ്യവസ്ഥയായ ജീവജാലങ്ങള്‍ക്കും ഇത് ഭീഷണിയാണ്. സിമന്‍റ് ഖനിയാവട്ടെ ഒരു കുന്നപ്പാടെയാണ് ഖനനത്തിനായി എടുക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ ആ പ്രദേശത്തെയാകെ ജീവി വൈവിധ്യം ഇല്ലാതെയാകുകയാണെന്നും ഷെഫില്‍ഡ് സര്‍വകലാശാലയിലെ ബയോ സയന്‍സ് ഫിഭാഗം പ്രഫസര്‍ ലിയൂര്‍ ലാംബ് പറയുന്നു. മലേഷ്യയിലെ ചുണ്ണാമ്പ് കല്ല് ക്വാറി മൂലം ആവാസ വ്യവസ്ഥ ഇല്ലാതെയായിപ്പോയ ബെന്‍് ടോയ്ഡ് ഗെയ്കോ എന്നയിനം പല്ലിയെയും ലാംബ് ചൂണ്ടിക്കാട്ടുന്നു. 

ഉഷ്ണമേഖല പ്രദേശങ്ങള്‍, ആന്‍ഡീസ്, പടിഞ്ഞാറന്‍–മഘ്യ ആഫ്രിക്ക തീരം, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഭീഷണിയെറെയും. ഘാനയിലെ സ്വര്‍ണഖനികളില്‍ നിന്ന് പുറന്തള്ളുന്ന മെര്‍ക്കുറി ഈ പ്രദേശത്തെ പക്ഷിജാലങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. ലോഹധാതുക്കള്‍ക്കും, ഫോസില്‍ ഇന്ധനങ്ങള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള അസംസ്കൃത വസ്തുക്കള്‍ക്ക് ലോകവ്യാപകമായി ആവശ്യം ദിനേന വര്‍ധിച്ചു വരികയാണ്. ഖനന വ്യവസായങ്ങളില്‍ നിന്നുള്ള 2022 ലെ വരുമാനം 943 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനൊപ്പം ക്ലീന്‍ എനര്‍ജി പ്രോല്‍സാഹിപ്പിക്കണമെങ്കില്‍ ബദല്‍മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന നിര്‍ദേശവും പഠനം മുന്നോട്ട്  വയ്ക്കുന്നു. ജീവി വര്‍ഗങ്ങള്‍ക്ക് പുറമെ സസ്യ സമ്പത്തിനും ഖനന പ്രവര്‍ത്തനങ്ങള്‍ വലിയ ആഘാതം സൃഷ്ടിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.  

സമൂഹത്തിന്‍റെ നിലനില്‍പ്പ് തന്നെ ഖനനത്തെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചാണെന്നിരിക്കെ ഖനനം നിര്‍ത്തണമെന്ന വാദം മുന്നോട്ട്  വയ്ക്കില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഖനന മേഖലകള്‍ തിരഞ്ഞെടുക്കുന്നത് കരുതലോടെ വേണമെന്നാണ് നിര്‍ദേശം. ജൈവവൈവിധ്യ മേഖലകളെ ഒഴിവാക്കി ഖനനം നടത്തുക എത്രത്തോളം പ്രായോഗികമാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും പ്രഫ. എഡ്വേര്‍ഡ്സ് വ്യക്തമാക്കി. പരമാവധി നാശം ഒഴിവാക്കി ഖനനം നടത്താന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കാന്‍ പഠനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ഇക്കാര്യം മനസില്‍ വച്ചുള്ള നയരൂപീകരണമാണ് ഭാവിയിലേക്ക് വേണ്ടതെന്നും കൂടുതലായി ഖനനം ചെയ്യുന്നതിന് പകരം പുനരുപയോഗ സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും പഠനം നിര്‍ദേശിക്കുന്നു. 

ENGLISH SUMMARY:

Thousands of birds and fish threatened by mining for clean energy transition, study finds.