• ബുദ്ധിക്ക് പേരുകേട്ട ജീവികളാണ് ചെന്നായകള്‍
  • വന്യജീവി നിയമപ്രകാരം ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു
  • പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല

അമ്മയുടെ കൂടെ ഉറങ്ങിയ കുരുന്നിനെ കടിച്ചുകൊല്ലുന്ന നരഭോജി ചെന്നായ! ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിലെ ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. രണ്ട് മാസത്തിനിടെ മേഖലയിൽ ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 9. ഇതിൽ 8 പേർ കുട്ടികള്‍. പരുക്കേറ്റവരുടെ എണ്ണം 25. സാധാരണയായി മനുഷ്യരെ ആക്രമിക്കാത്ത ചെന്നായകള്‍ എന്നുമുതലാണ് നരഭോജികളായി മാറിയത്?

നായ്ക്കളും ചെന്നായ്ക്കളും ചേര്‍ന്നുള്ള സങ്കര ഇനം ഭയമില്ലാത്തവയായിരിക്കും

ആറു ചെന്നായകളടങ്ങുന്ന ഒരുകൂട്ടമാണ് ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുന്നതെന്നാണ് വനംവകുപ്പിന്‍റെ അനുമാനം. ഇവയെ പിടിക്കാനായി വനംവകുപ്പിന്‍റെ ദൗത്യവും ആരംഭിച്ചിട്ടുണ്ട്. നാലെണ്ണത്തിനെ പിടികൂടിയതായും ശേഷിക്കുന്ന രണ്ടെണ്ണത്തിനെ മാത്രമേ പിടികൂടാനുള്ളൂ എന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ഇരകളിൽ കണ്ട മുറിവുകൾ സൂചിപ്പിക്കുന്നത് ഒരു ചെന്നായ തന്നെയാണ് ആക്രമണം നടത്തിയതെന്നും ചെന്നായ്ക്കളുടെ കൂട്ടമാണെങ്കില്‍ മൃതദേഹങ്ങൾക്ക് അംഗഭംഗങ്ങള്‍ സംഭവിച്ചിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഒരു ചെന്നായയ്ക്ക് ഒരു സമയം 5 മുതൽ 6 കിലോഗ്രാം വരെ മാംസം കഴിക്കാൻ കഴിയും, അതായത് കൂട്ടം ആക്രമിക്കുകയാണെങ്കില്‍ മ‍ൃതദേഹത്തില്‍ നിന്ന് ഇതിന്‍റെ ഇരട്ടിയിലധികം മാംസം നഷ്ടപ്പെടാം ഒരുപക്ഷേ ശരീരത്തിൽ ഒന്നും കണ്ടെത്താനാകുമായിരുന്നില്ല. എന്നാല്‍ മരണപ്പെട്ടവരില്‍ മിക്കവരുടേയും ശരീരം കേടുകൂടാതെയാണ് കണ്ടെത്തിയത്.  ഗ്രാമത്തില്‍ ആദ്യമായാണ് ചെന്നായ ആക്രമണം ഉണ്ടാകുന്നതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

Image: ANI

ചെന്നായക്കൂട്ടങ്ങള്‍ സാധാരണയായി അവര്‍ അടയാളപ്പെടുത്തി വച്ചിരിക്കുന്ന പ്രദേശങ്ങളിൽ മാത്രമാണ് ജീവിക്കാറും ഇരപിടിക്കാറുമുള്ളത്. ഒരു ഇരയെ അല്പാല്പമായി ഭക്ഷിച്ച് ഇവ വളരെക്കാലം കഴിയുകയും ചെയ്യും. മാംസഭോജികളാണെങ്കില്‍ക്കൂടി ചെന്നായകള്‍ മനുഷ്യരെ ആക്രമിക്കാന്‍ സാധ്യത കുറവാണെന്നാണ് ഇന്‍റര്‍നാഷണല്‍ വോള്‍ഫ് സെന്‍റര്‍ പറയുന്നത്. കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്ന ചെന്നായകള്‍ പിന്നീട്  ദീർഘനേരത്തേക്ക് വേട്ടയാടാനിറങ്ങുകയുമില്ലെന്നും ഐഡബ്ല്യുസി പറയുന്നു.

നരഭോജികളായുള്ള പരിണാമം

ചെന്നായ്ക്കൾ തങ്ങളുടെ പ്രദേശങ്ങളിൽ നിന്ന് പുറത്തുകടക്കാത്ത ലജ്ജാശീലരായ ജീവികളാണെങ്കിലും മനുഷ്യവാസസ്ഥലങ്ങളോട് ചേർന്ന് താമസിക്കുന്നത് മനുഷ്യവാസ കേന്ദ്രങ്ങളിൽ ഇരപിടിക്കാൻ ഇറങ്ങുന്നതിന് കാരണമായേക്കാം. ചെന്നായ്ക്കളുടെയും നായ്ക്കളുടെയും ക്രോസ് ബ്രീഡിങാണ് മറ്റൊരു സാധ്യതയായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ജീവശാസ്ത്രജ്ഞനായ യാദ്വേന്ദ്രദേവ് പറയുന്നത് പ്രകാരം നായ്ക്കളും ചെന്നായ്ക്കളും ചേര്‍ന്നുള്ള സങ്കര ഇനം മനുഷ്യരോടുള്ള സ്വാഭാവിക ഭയമില്ലാത്തവയായിരിക്കും. ഇവ കൂടുതൽ ആക്രമണകാരികളാക്കാൻ സാധ്യതയുണ്ട്.

സ്വാഭാവിക ഭക്ഷണ സ്രോതസ്സുകളുടെ ദൗർലഭ്യവും ഇത്തരം ആക്രമണങ്ങളിലേക്ക് നയിച്ചേക്കാം. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോളും ഭീഷണി തോന്നിയും ചെന്നായ്ക്കൾ ആക്രമിക്കും. സാധാരണഗതിയില്‍ ചെറിയ ഇരകളെയും തങ്ങളേക്കാള്‍ ദുർബലമായ മൃഗങ്ങളെയുമായിരിക്കും ചെന്നായകള്‍ വേട്ടയാടുക. യുപിയിൽ ചെന്നായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതില്‍ കൂടുതലും കുട്ടികളാണ് താനും. നരഭോജികളായി മാറുന്ന ചെന്നായ്ക്കൾ പലപ്പോഴും കുട്ടികളെയാണ് ഇരയാക്കുന്നത്. ചെന്നായ്ക്കൾ ബുദ്ധിക്കും സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടുത്തലിനും പേരുകേട്ടവയാണെന്നുകൂടി ഓര്‍ക്കുക.

നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നേച്ചർ റിസർച്ചിന്‍റെ പഠനമനുസരിച്ച് 2002-2020 കാലഘട്ടത്തിൽ ആഗോളതലത്തില്‍ തന്നെ മനുഷ്യർക്ക് നേരെ 26 മാരകമായ ചെന്നായ ആക്രമണങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. അതേസമയം ഇതിൽ നാലെണ്ണം ഇന്ത്യയിലായിരുന്നു. അതിനാല്‍ തന്നെ ചെന്നായ ആക്രമണത്തിന്‍റെ സാധ്യത പൂജ്യം എന്നുപറയുന്നില്ലെങ്കിലും കണക്കാന്‍ വളരെ ബുദ്ധിമുട്ടും അത്രത്തോളം കുറവുമാണ്.

2020 വരെയുള്ള ഐഡബ്ല്യുസിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 4,400–7,100 ചെന്നായ്ക്കളുണ്ട്. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂൾ I പ്രകാരം ഇന്ത്യൻ ചെന്നായകള്‍ വേട്ടയാടുന്നതിൽ നിന്ന് നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ENGLISH SUMMARY:

Why wolves attack humans? Bahraich attacks explained