48 മണിക്കൂര്‍ നിര്‍ത്താതെ പേമാരി പെയ്തിറങ്ങി, വറ്റിവരണ്ട് കിടന്ന സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം, ലോകം അമ്പരന്നു! അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് സഹാറയില്‍ ഇത്തരമൊരു കാലാവസ്ഥാ മാറ്റം സംഭവിക്കുന്നത്. എന്താവാം പൊടുന്നനെയുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായത്? സഹാറ മരുഭൂമിയുടെ മൊറോക്കന്‍ മേഖലയില്‍ നിന്നുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ് ഒപ്പം ഭയപ്പെടുത്തുന്നതും!
ലോകത്തിലെ ഏറ്റവും വരണ്ട സ്ഥലങ്ങളിൽ ഒന്നാണ് തെക്കുകിഴക്കൻ മൊറോക്കോയുടെ ഭാഗമായുള്ള ഈ മരുപ്രദേശം. വേനൽക്കാലത്തിന്‍റെ അവസാനത്തിൽ അപൂർവ്വമായി മാത്രം മഴ പെയ്യുന്നയിടം. ഓരോ വർഷവും 250 മില്ലീമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശം. എന്നാല്‍ വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതല്‍ മഴയാണ് കഴിഞ്ഞ മാസം വെറും 2 ദിവസം കൊണ്ട് ഇവിടം പെയ്തിറങ്ങിയത്. മൊറോക്കന്‍ തലസ്ഥാനമായ തലസ്ഥാനമായ റബാത്തിന് തെക്ക്, 450 കിലോമീറ്റർ (280 മൈൽ) അകലെയുള്ള ടഗൂണൈറ്റില്‍, 24 മണിക്കൂറില്‍ 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. അരനൂറ്റാണ്ടായി വരണ്ട് കിടന്ന ഇറിക്വി തടാകവും മഴയില്‍ നിറഞ്ഞു.
50 വർഷങ്ങൾക്ക് ശേഷമാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം മഴ ലഭിക്കുന്നതെന്ന് മൊറോക്കോയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയിലെ ഹുസൈൻ യൂബേബ് പറയുന്നു. എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റെന്നാണ് വിദഗ്ധർ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഈ പ്രതിഭാസം വരും വർഷങ്ങളിലും തുടരാമെന്നും ഇത് സഹാറയുടെ കാലാവസ്ഥയുടെ ഗതിയെ തന്നെ മാറ്റിമറച്ചേക്കാമെന്നും വിദഗ്ദര്‍ പറയുന്നു. ഇതുമൂലം വായു കൂടുതൽ ഈർപ്പമുള്ളതായി മാറാം, അത് ഉയര്‍ന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നുമാണ് വിദഗ്ദാഭിപ്രായം. നിലവില്‍ ഈ പ്രദേശങ്ങളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 18 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലും നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, തുടർച്ചയായ ആറ് വർഷം മൊറോക്കോയെ ബാധിച്ച വരള്‍ച്ച കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ നിലവിലെ മഴ മരുഭൂമിക്ക് താഴെയുള്ള വലിയ ഭൂഗർഭ സംഭരണികളെ നിറച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ മേഖലയിലെ അണക്കെട്ടുകളും മറ്റ് സംഭരണികളും ക്രമാതീതമായി നിറഞ്ഞിട്ടുണ്ടെന്നുമാണ് സൂചനകള്‍. എന്നിരുന്നാലും വരാനിരിക്കുന്ന വരള്‍ച്ചയ്ക്ക് പരിഹാരമാകാന്‍ സെപ്റ്റംബറിലെ മഴ എത്രത്തോളം സഹായകമാകും എന്ന് വ്യക്തമല്ല.
വരണ്ടുണങ്ങി കിടക്കുന്ന മരുപ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍, ഈ കാലാവസ്ഥാ മാറ്റം അതിശയിപ്പിക്കുന്നതു മാത്രമല്ല ഭയപ്പെടുത്തുന്നതും കൂടിയാണ്. കഴിഞ്ഞ വര്‍ഷം അപൂര്‍വമായ മഞ്ഞുവീഴ്ചയ്ക്കും സഹാറ സാക്ഷ്യം വഹിച്ചിരുന്നു.