തീവ്രകാലാവസ്ഥയില്‍ കേരളം വലയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒന്‍പതുമാസങ്ങളില്‍ 113 തീവ്രകാലാവസ്ഥ ദിനങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോയതെന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയണ്‍മെന്‍റിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തമായ മഴ, ഉരുള്‍പൊട്ടല്‍,  ഇടിമിന്നല്‍ എന്നിവയിലൂടെ നഷ്ടപ്പെട്ടത് 550 വിലപ്പെട്ട ജീവനുകളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മഴ മണ്ണിടിച്ചില്‍ വെള്ളപ്പൊക്കം എന്നിവയാണ് ഏറ്റവുമധികം പേരുടെ ജീവനെടുത്തത്. 534 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തോടെ രാജ്യത്തു തന്നെ തീവ്രകാലാവസ്ഥയില്‍ വലയുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയിലേക്കും കേരളം എത്തി. മിന്നലേറ്റ് 12 പേരും സൂര്യാതപത്തില്‍ നാലുപേരും സംസ്ഥാനത്ത് മരിച്ചു. 2023 നെക്കാള്‍ 40 ദിവസം കൂടുതലാണ് കേരളത്തില്‍ ഇക്കുറി തീവ്രകാലവസ്ഥ അനുഭവപ്പെട്ടത്. 

ഏപ്രില്‍ –മേയ് മാസങ്ങളില്‍ കടുത്ത ചൂടും താപതരംഗവും ഉണ്ടായി. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലവര്‍ഷക്കാലത്തെ ഏറ്റവും  ഭയപ്പെടുത്തുന്ന അനുഭവമായി വയനാട് ഉരുള്‍പൊട്ടല്‍. വെള്ളപ്പൊക്കത്തിലും കടല്‍ അപകടങ്ങളിലും മിന്നലിലും പിന്നെയും ജീവനുകള്‍ നഷ്ടപ്പെട്ടു.  കൃഷിനാശം, റോഡുകളുള്‍പ്പെടുള്ള അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച വീടുകളും തൊഴിലിടങ്ങളും നഷ്ടമായത് എന്നിവ ആഘാതം ഇരട്ടിപ്പിച്ചു. ശതകോടികളുടെ നഷ്ടം ഇങ്ങനെ സംസ്ഥാനത്തിനുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നല്‍കിയ വിവരങ്ങളുടെ  അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

According to a report by the Center for Science and Environment, the state experienced 113 extreme weather days from January to September, resulting in the loss of 550 lives due to heavy rains, landslides, and lightning.