മുനമ്പം ഭൂമിപ്രശ്നത്തില്‍ ഇടതുസര്‍ക്കാരുകളെ വിമര്‍ശിച്ച് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍. വിഎസ്, പിണറായി സര്‍ക്കാരുകളുടെ നിലപാടാണ് മുനമ്പത്ത് വിനയായത്. ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചത് വിഎസ് സര്‍ക്കാരിന്‍റെ നിസാര്‍ കമ്മിഷനാണ്. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ടി.കെ ഹംസ ചെയര്‍മാനായിരിക്കെയാണ് കുടുംബങ്ങള്‍ക്ക് നോട്ടിസ് അയച്ചതെന്ന് മന്ത്രി പി.രാജീവിന്‍റെ വിമര്‍ശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മുനമ്പത്ത് രാഷ്ട്രീയം ലക്ഷ്യമാക്കി മുതലെടുപ്പിനുളള ശ്രമമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ മുനമ്പം ജനതയ്ക്കൊപ്പമാണെന്നും നിയമത്തിന്‍റെ നൂലാമാലകള്‍ അഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി. രാജീവ് വിശദീകരിച്ചിരുന്നു. ലീഗിനെ സര്‍ക്കാരിനെതിരായി തിരിക്കാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചിരുന്നു.

ഭൂമിപ്രശ്നം വോട്ട് ബാങ്ക് രാഷ്ട്രീയം മാറ്റിവെച്ച് പരിഹരിക്കണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു. മുനമ്പം ജനതയോട് സർക്കാർ കാണിച്ചത് സാമാന്യ നീതിയുടെ ലംഘനമാണ്. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ പ്രതീക്ഷയുണ്ടെന്നും മുനമ്പം സമരപ്പന്തൽ സന്ദർശിച്ച ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മുനമ്പത്ത് നിന്ന് ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, മന്ത്രി അബ്ദുറഹിമാനും വ്യക്തമാക്കിയിരുന്നു. വർഗീയ ദ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമമെന്നും സിപിഎം വിമര്‍ശനം ഉയര്‍ത്തി. കോടതിയിലുള്ള വിഷയത്തിൽ പ്രതികരിക്കാൻ സർക്കാരിനുള്ള പരിമിതി രാഷ്ട്രീയമായി മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സുരേഷ്ഗോപിയുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി അബ്ദുറഹ്മാന്‍ മറുപടി നല്‍കിയിരുന്നു.

വഖഫല്ല, വഖഫ് സംരക്ഷണ സമിതിയാണ് പരാതിക്കാര്‍. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായി ഒരു കത്ത് പോലും എഴുതാതെ ആക്ഷന്‍ ഹീറോയെ പോലെ വന്ന് തെറ്റായ പ്രചാരണം നടത്താനാണ് കേന്ദ്രമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം സുരേഷ്ഗോപിയെ കുറ്റപ്പെടുത്തി. ചേരിതിരിവിന് പരവതാനി വിരിക്കുന്നവര്‍ മാറി നില്‍ക്കണമെന്നും നിലവിലുള്ള നിയമത്തെ എതിര്‍ക്കാന്‍ കേന്ദ്രമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര് സമരം ചെയ്താലും ഇല്ലെങ്കിലും പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Rashidali Shihab Thangal, the former chairman of the Waqf Board, criticized the left-wing governments over the Munambam land issue