നോക്കെത്താ ദൂരത്തോളം മഞ്ഞുമൂടി കിടക്കുന്ന ഹിമാലയം. വെയിലേല്‍ക്കുമ്പോള്‍ മഞ്ഞുമലകള്‍ വെട്ടിത്തിളങ്ങും. കാഴ്ചയില്‍ അതിശയവും അമ്പരപ്പും നിറയ്ക്കുന്ന അഭൗമമായ സൗന്ദര്യം. ആ ഹിമാലയം അതിരൂക്ഷമായ കാലാവസ്ഥ വ്യതിയാനത്തിലൂടെയാണ് കടന്നു പോകുന്നത്. ഹിമ തടാകങ്ങളുടെ വിസ്തൃതി ഭീതിതമാം വിധം വര്‍ധിക്കുന്നെന്നാണ് കേന്ദ്ര ജല കമ്മിഷന്‍റെ നടുക്കുന്ന റിപ്പോര്‍ട്ട്. ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും നിലനില്‍പ്പ് തന്നെ തകിടം മറിക്കുന്ന തരത്തിലാണ് പ്രദേശത്തെ കാലാവസ്ഥാമാറ്റം. ആഗോള ശരാശരിയെക്കാള്‍ ഉയര്‍ന്ന നിലയില്‍ ഹിന്ദുക്കുഷ് ഹിമാലയം ചൂടുപിടിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ
ഹിമതടാകങ്ങളുടെ വിസ്തൃതി 11 ശതമാനത്തോളം വര്‍ധിച്ചു. 2011 ല്‍ 1962 ഹെക്ടര്‍ വിസ്തൃതിയാണ് ഹിമതടാകങ്ങള്‍ക്ക് ഉണ്ടായിരുന്നത്. 2024 ആയപ്പോഴേക്കും ഇത് 2,623 ഹെക്ടറായി വര്‍ധിച്ചു .33.7 ശതമാനത്തിന്‍റെ വര്‍ധന. 67 തടാകങ്ങളുടെ ഉപരിതല വിസ്തൃതിയില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ ഇവ അതീവ പ്രളയസാധ്യതാ മേഖലയിലായി മാറി. ലഡാക്ക് , ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് മാറ്റം പ്രകടമായിരിക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, ചൈന എന്നീ രാജ്യങ്ങളിലും ഇതേ സ്ഥിതി കൂടുതല്‍ രൂക്ഷമായി പ്രകടമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹിമാനികളും ഹിമ തടാകവും
കരയിലൂടെ ഒഴുകിനീങ്ങുന്ന മഞ്ഞുപാടങ്ങളാണ് (മഞ്ഞിന്‍റെ വലിയ ഖണ്ഡം) ഹിമാനി. പ്രതിദിനം ഒരു സെന്‍റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍വരെ ഹിമാനികള്‍ക്ക് ചലനശേഷിയുണ്ട്. ലോകത്തെ ശുദ്ധജലത്തിന്‍റെ ഏറിയപങ്കും കരുതിവച്ചിരിക്കുന്നത് ഈ ഹിമാനികളിലാണ്. ഈ ഹിമാനികളില്‍ നിന്നാണ് ഹിമ തടാകങ്ങള്‍ രൂപമെടുക്കുന്നത്. ഹിമാനികള്‍ ഉരുകിയാണ് തടാകങ്ങള്‍ രൂപം കൊള്ളുക. വിസ്തൃതമായ ഹിമാനികള്‍ക്ക് ചുവട്ടിലും മുകളിലും ഉള്ളിലും തടാകങ്ങള്‍ രൂപപ്പെടാം.
ഹിമതടാകങ്ങള്‍ അപകടകാരികളാകുന്നത് എപ്പോള്‍?
ഹിമതടാകങ്ങളുടെ വിസ്തൃതിയേറുന്നതനുസരിച്ച് അവ അപകടകാരികളാകാനുള്ള സാധ്യതയും കൂടുതലാണ്. തടാകങ്ങള്‍ക്കുള്ളില്‍ കൂറ്റന്‍ മഞ്ഞുകട്ടകളും പാറക്കഷ്ണങ്ങളും, ഉണ്ടാകാനുള്ള സാധ്യതയേറയാണ്. ഹിമ തടാകങ്ങളുടെ അതിര്‍വരമ്പുകള്‍ തകര്‍ന്നാല്‍ അത് വലിയൊരു ജലപ്രവാഹമായി മലയുടെ താഴ്വരകളിലേക്ക് എത്തും. അനിയന്ത്രിതമായ അളവില്‍ വെള്ളം എത്തുന്നത് വലിയ പ്രളയത്തിനിടയാക്കും. 2013ല്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുണ്ടായ പ്രളയത്തിന് കാരണം ചോരാബാറി താല്‍ ഹിമതടാകം ഇത്തരത്തില്‍ പൊട്ടിയതായിരുന്നു. ആറായിരത്തോളം പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
ഹിമതടാകങ്ങള്‍ എന്തുകൊണ്ട് തകരുന്നു?
കാലാവസ്ഥ തന്നെയാണ് ഹിമതടാകങ്ങളുടെ പൊട്ടിയൊഴുകാനുള്ള പ്രധാന കാരണം. ചൂടുകൂടുന്നതനുസരിച്ച് ഹിമാനികള്‍ അതിവേഗത്തില്‍ ഉരുകാന്‍ തുടങ്ങും. ഇത് പുതിയ ഹിമ തടാകങ്ങളുടെ രൂപീകരണത്തിനും നിലവിലുള്ളതിന്‍റെ വിസ്തൃതി വര്‍ധിക്കുന്നതിനും കാരണമാകും. അതിവേഗത്തിലുള്ള ഈ മഞ്ഞുരുക്കം ഹിമാനികളെ ദുര്‍ബലപ്പെടുത്തും. ഫലം വെള്ളം തടഞ്ഞു നിര്‍ത്തിയിരിക്കുന്ന പാറകളും ഹിമപാളികളും തകരും. കാലവര്‍ഷമാണ് മറ്റൊരു വില്ലന്‍. അതിതീവ്രമഴയാണ് കാലവര്‍ഷക്കാലത്ത് ഹിമാലയത്തില്‍ ലഭിക്കാറുള്ളത്. ഇതോടെ ഹിമതടാകങ്ങളിലെ വെള്ളത്തിന്‍റെ അളവും വര്‍ധിക്കും.
ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും ഹിമതടാകങ്ങളെ തകര്‍ക്കാന്‍ പര്യാപ്തമാണ്. സദാ ഭൂകമ്പ സാധ്യതാ മേഖലയിലുള്ള പ്രദേശമാണ് ഹിമാലയ പ്രദേശം. അതുകൊണ്ട് തന്നെ ചെറുചലനങ്ങള്‍ പോലും മലയിടിച്ചിലിനും കാരണമാകാം. പര്‍വതത്തില്‍ നിന്ന് മണ്ണും പാറകളും ഇടിഞ്ഞ് പോരുന്നതിനൊപ്പം തടാകങ്ങളും തകര്‍ന്നേക്കാം.
അതിര്‍ത്തിയില്‍ സൈന്യം എത്രമാത്രം ജാഗരൂകരാണോ അതുപോലൊരു ജാഗ്രത ഹിമാലയത്തിന്‍റെ കാര്യത്തിലും പുലര്‍ത്തേണ്ടതുണ്ട്. ചെറിയ മാറ്റങ്ങള്‍ പോലും കൃത്യമായി നിരീക്ഷിച്ച് അതിനനുസരിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നതും ഒരു പരിധിവരെ ഹിമതടാകങ്ങള്‍ തകര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാകും.
പരിഹാരമെന്ത്? കാലാവസ്ഥ മാറ്റം ഹിമാലയത്തെ ബാധിച്ചതിന്‍റെ പരിണിതഫലമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഹിമ തടാകങ്ങളുടെ സംരക്ഷണത്തിന് കൂട്ടായ പരിശ്രമം അനിവാര്യമാണ് . ഹിമാലയത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന നദികളെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം ഈ യത്നത്തില്‍ പങ്കാളികളാകണം. പഠന നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന അറിവുകള്‍ പങ്കുവയ്ക്കണം. മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുക, ദുരന്തനിവാരണ പദ്ധതികള്‍ പരിഷ്‌കരിക്കുക, ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, ദുര്‍ബല ജനവിഭാഗങ്ങളെ സംരക്ഷിക്കുക എന്നിവ അടിയന്തരമായി ചെയ്യേണ്ടതുണ്ടെന്നാണ് കേന്ദ്ര ജലക്കമ്മിഷന്‍റെ കണ്ടെത്തല്‍. ഹിമതടാകങ്ങളിലെ വെള്ളത്തിന്‍റെ അളവ് കൂടുന്നതോടെ ഗംഗ, ബ്രഹ്‌മപുത്ര, സിന്ധു നദികളിലെ ജലത്തിന്‍റെ അളവും വര്‍ധിക്കാമെന്നും 10 വര്‍ഷത്തെ കണക്കുകള്‍ നിരത്തി കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.