ഉത്തരാഖണ്ഡില്‍ ഏകസിവില്‍കോഡ് പ്രാബല്യത്തില്‍. സ്വതന്ത്ര ഇന്ത്യയില്‍ യു.സി.സി. നടപ്പാക്കുന്ന ആദ്യസംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ ഇനി മത നിയമങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല.
വിവാഹത്തിലും വിവാഹ മോചനത്തിലും ഉള്‍പ്പെടെ സ്ത്രീക്കും പുരുഷനും തുല്യ അവകാശം നല്‍കുന്നതാണ് ഉത്തരാഖണ്ഡ് നടപ്പിലാക്കിയ ഏകവ്യക്തി നിയമം. വിവാഹങ്ങള്‍ മതാചാരപ്രകാരം നടത്താമെങ്കിലും 60 ദിവസത്തിനകം നിര്‍ബന്ധമായി റജിസ്റ്റര്‍ ചെയ്യണം. സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്ന ലിവ് ഇന്‍ റിലേഷനുകളിലും റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വിവാഹമോചനത്തിനും പിന്തുടര്‍ച്ചാവകാശത്തിനും മതനിയമങ്ങള്‍ ബാധകമാകില്ല. റജിസ്ട്രേഷനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി ഉദ്ഘാടനം ചെയ്തു. വിവാഹം, വിവാഹ മോചനം, ലിവ് ഇന്‍ റിലേഷന്‍, പിന്തുടര്‍ച്ചാവകാശം എന്നിവയെല്ലാം ഓണ്‍ലൈനായിത്തന്നെ ചെയ്യാന്‍ സാധിക്കും. സ്ഥലത്തില്ലാത്ത സൈനികര്‍ക്ക് റജിസ്ട്രേഷനില്‍ ഇളവുണ്ട്. എസ്.ടി. വിഭാഗക്കാര്‍ക്കും സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും നിയമം ബാധകമാവില്ല.