ആഗോള തലത്തില്‍ ഭീഷണിയായി കാലാവസ്ഥാ വ്യതിയാനം അതിക്രമിക്കുമ്പോള്‍ അതിന്‍റെ നേരിട്ടുള്ള ഇരയാണ് ധ്രുവ പ്രദേശങ്ങള്‍. ക്രമാതീതമായ രീതിയില്‍ മഞ്ഞുരുകുകയും സമുദ്ര നിരപ്പ് ഉയരുകയും ചെയ്യുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ശാസ്ത്ര ലോകത്തെ ആശങ്കപ്പെടുത്താറുണ്ട്. ഈ ആശങ്കള്‍ക്ക് ആക്കം കൂട്ടിയാണ് പുതിയ പഠനം എത്തുന്നത്. ആര്‍ട്ടിക്കില്‍ ആദ്യ വേനല്‍ക്കാലമെത്താന്‍ ഇനി അധിക ദിവസങ്ങള്‍ വേണ്ടിവരില്ലെന്നാണ് പഠനം. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ 2027ഓടെ ആര്‍ട്ടിക്കില്‍ വേനലെത്തും. അതും ചരിത്രത്തിലാദ്യമായി.
ആര്‍ട്ടിക്കിലെ ഈ ‘ഐസില്ലാദിനം’ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഓരോ പതിറ്റാണ്ടിലും 12 ശതമാനത്തിൽ കൂടുതലെന്ന തോതില്‍ ഭയാനകമായ രീതിയിലാണ് ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികൾ ഇല്ലാതാകുന്നത്. പൂര്‍ണമായും ഐസില്ലാതാകുന്ന കാലത്തിലേക്കാണ് പോകുന്നതെന്നതിന്‍റെ അപകട സൂചനയായും ഇതിനെ കണക്കാക്കുന്നു. അതേസമയം, ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതുവഴി ഈ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാമെന്നും പഠനം പറയുന്നുണ്ട്. കാർബൺ ഡൈ ഓക്‌സൈഡ് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചാല്‍ ആർട്ടിക്കിൽ വേനലെത്താന്‍ കൂടുതല്‍ സമയമെടുത്തേക്കും. ഇത് ശേഷിക്കുന്ന മഞ്ഞിനെ സംരക്ഷിക്കുകയും കൂടുതല്‍ സമയം നൽകുകയും ചെയ്യുന്നു. എന്നാല്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികൾ മാറ്റി നിര്‍ത്തിയാല്‍ 9 മുതൽ 20 വർഷത്തിനുള്ളിൽ ‘ഐസില്ലാദിനം’ ആര്‍ട്ടിക്കിനെ തേടിയെത്താെമന്നാണ് 2023ലെ പഠനം പറയുന്നത്.
നിലവില്‍ മൂന്ന് വർഷത്തിനുള്ളിൽ ‘ഐസില്ലാ ദിനം’ വരുമെന്നാണ് പ്രവചനം. ഇത് പെട്ടെന്നല്ലെങ്കിലും ക്രമേണ ആഗോള കാലാവസ്ഥയെ ബാധിച്ചേക്കാം. എല്ലാറ്റിനും ഉപരി ‘വര്‍ഷം മുഴുവന്‍ മഞ്ഞുമൂടി കിടക്കുന്നു’ എന്ന ആർട്ടിക്കിന്‍റെ സവിശേഷത ഇല്ലാതാകും. അതിന് കാരണമാകുന്നതാകട്ടെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും. ആര്‍ട്ടിക്കിലെ മഞ്ഞ് ആഗോള കാലാവസ്ഥാ സംവിധാനങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് സമുദ്രത്തിന്‍റെയും വായുവിന്‍റെയും താപനില സ്ഥിരപ്പെടുത്തുകയും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു.
കൂടാതെ, സൂര്യനില്‍ നിന്നുള്ള കിരണങ്ങള്‍ കടലിനുമുകളിലെ വെളുത്ത ഐസ് പാളികള്‍ വീണ്ടും ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. ആൽബിഡോ പ്രഭാവം എന്നാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ ഐസ് ഉരുകുമ്പോൾ സമുദ്രജലം തുറന്നുകാട്ടപ്പെടുന്നു. ഇത് സൂര്യന്‍റെ ചൂട് കൂടുതൽ ആഗിരണം ചെയ്യുകയും ആഗോളതാപനത്തെ കൂടുതൽ വഷളാക്കുകയും ചെയ്യും. ഇത് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നാലിരട്ടി വേഗത്തിൽ ആർട്ടിക് പ്രദേശത്തെ ചൂടാക്കുന്നു.
ആർട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ചയിൽ ഇതിനകം ഗണ്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 1979 മുതൽ 1992 വരെ ആർട്ടിക് സമുദ്രത്തിലെ മഞ്ഞുപാളിയുടെ ശരാശരി വിസ്തീർണ്ണം 2.6 ദശലക്ഷം ചതുരശ്ര മൈൽ (6.85 ദശലക്ഷം കി.മീ.) ആയിരുന്നെങ്കില്‍ 2024 എത്തിയപ്പോഴേക്കും അത് 1.65 ദശലക്ഷം ചതുരശ്ര മൈലായി (4.28 ദശലക്ഷം കി.മീ²) കുറഞ്ഞു. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ ഇത് 0.3 ദശലക്ഷം ചതുരശ്ര മൈലിൽ (1 ദശലക്ഷം കി.മീ.) താഴെയാകുമെന്നും അത് ഐസില്ലാ കാലത്തിന് മുന്നോടിയായിരിക്കുമെന്നും പഠനം പറയുന്നു.
11 കാലാവസ്ഥാ മാതൃകകളും 366 സിമുലേഷനുകളും ഉപയോഗിച്ചാണ് ഐസ് ഇല്ലാ ആർട്ടിക് എന്ന ആശങ്കയെ ഗവേഷകര്‍ അവതരിപ്പിച്ചത്. മൂന്നോ ആറോ വർഷത്തിനുള്ളിൽ ആദ്യത്തെ ഐസ് ഇല്ലാ ദിനം വരുമെന്ന് ഈ മോഡലുകൾ പ്രവചിക്കുന്നു. എന്നിരുന്നാലും, ഭൂരിഭാഗം സിമുലേഷനുകളും 2030 കളോടെയായിരിക്കും ഇത് സംഭവിക്കാൻ സാധ്യതയെന്നാണ് പറയുന്നത്. പ്രവചനങ്ങള്‍ പലതാണെങ്കിലും എല്ലാ മോഡലുകളും സൂചിപ്പിക്കുന്നത് ആർട്ടിക് സമുദ്രത്തിൽ ഐസില്ലാത്ത കാലം അനിവാര്യതയായി മാറിയിരിക്കുന്നു എന്നാണ്. വര്‍ധിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നേര്‍സാക്ഷ്യമായി മാറുകയാണ് പഠനം.