Screen grabs from bbc earth's video

Screen grabs from bbc earth's video

TOPICS COVERED

‘ഇത് രാജയുടെ ലോകമാണ്, ഞങ്ങൾ അതിൽ ജീവിക്കുന്നു എന്നുമാത്രം’ ബിബിസി എർത്ത് പോസ്റ്റ് തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയുടെ അവസാന ഭാഗമാണിത്. റോഡില്‍ നികുതി പിരിക്കുന്ന ഈ ആനയെ കാണൂ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ശ്രീലങ്കയിലെ രാജ എന്ന ആനയാണ് താരം!

ശ്രീലങ്കയിലെ ബുട്ടല-കതരഗാമ റോഡിലാണ് ‘രാജ’യുടെ ഈ ടോള്‍ പിരിവ്. റോഡരികിൽ നിൽക്കുന്ന ആന യാതൊരു ഭാവമാറ്റവുമില്ലാതെ കടന്നുപോകുന്ന വാഹനങ്ങളെ സമീപിക്കുകയും തുമ്പിക്കൈ ഉപയോഗിച്ച് ‘ടാക്സ്’ പിരിക്കുകയും ചെയ്യും. സ്ഥിരമായുള്ള ഏര്‍പ്പാടായതുകൊണ്ടു തന്നെ ഇതുവഴി പോകുന്ന സ്ഥിരം യാത്രക്കാർക്ക് സുപരിചിതനാണ് ഇന്നിവന്‍. റോഡിൽ നിലയുറപ്പിക്കുന്ന ആനയെ കണ്ടാല്‍ തന്നെ വാഹനങ്ങള്‍ വേഗത കുറയ്ക്കും. തന്‍റെ തുമ്പിക്കൈകള്‍ കൊണ്ട് ‘രാജ’ ഡ്രൈവർമാരെയും യാത്രക്കാരെയും തഴുകും അവരവന് സ്നേഹത്തോടെ ഭക്ഷണം നല്‍കും. ലുനുഗംവെഹെരയിൽ നിന്ന് സെല്ല കതരഗാമയിലേക്ക് യാത്ര ചെയ്യുന്നവർ ‘രാജ’യ്ക്ക് കൊടുക്കാന്‍ വേണ്ടി മാത്രം വാഴപ്പഴം പോലുള്ള പഴങ്ങൾ സൂക്ഷിക്കാറുണ്ടത്രേ! കൈയ്യിലില്ലെങ്കില്‍ റോഡരികിലെ കടകളില്‍ നിര്‍ത്തി വാങ്ങിച്ചിട്ടേ ഇവര്‍ പോകാറുള്ളൂ.

നാല്‍പ്പതു വയസാണ് രാജയുടെ പ്രായം. ക്ഷമയോടെ മാത്രമേ അവന്‍ വാഹനങ്ങളെ സമീപിക്കാറുള്ളൂ. ദേഷ്യപ്പെട്ടാല്‍ ആളുകള്‍ നിര്‍ത്താതെ പോകുമെന്ന് അവനറിയാമെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനങ്ങൾ തടഞ്ഞ് റോഡിൽ ‌ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും രാജയോട് നാട്ടുകാർ സ്നേഹത്തോടെ മാത്രമേ പെരുമാറാറുള്ളൂ. അവന്‍റെ ഏകാധിപത്യ 'നികുതി പിരിവിന്' മടികൂടാതെ വഴങ്ങുകയും ചെയ്യും. രാജയുടെ വിഡിയോ ഓണ്‍ലൈനില്‍ വൈറലാണ്. 24 മണിക്കൂറിനുള്ളിൽ 16 ദശലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. കമന്റുമായി നെറ്റിസണ്‍സും എത്തിയിട്ടുണ്ട്. ‘റോഡ് നിർമ്മിച്ചിരിക്കുന്നത് അവന്‍റെ ഭൂമിയിലൂടെയാണ്, നികുതി പിരിക്കാന്‍ അവന് എല്ലാ അവകാശവുമുണ്ട്’ എന്നാണ് ഒരാള്‍ കുറിച്ചത്, ‘ജിഎസ്ടി= ഗജരാജ് സേവന നികുതി’ എന്നാണ് മറ്റൊരാള്‍ തമാശയായി കുറിച്ചത്.

ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തെ തെക്കുകിഴക്കൻ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ലിങ്ക് വേയാണ് ബുട്ടല-കതരഗാമ റോഡ്. ഇരുവശത്തും വന്യമായ കാടുകൾ. അതുകൊണ്ടുതന്നെ സ്വദേശികളും വിദേശികളും എന്നും സന്ദര്‍ശിക്കുന്ന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. 

ENGLISH SUMMARY:

Along the Buttala-Kataragama road, a 40-year-old wild elephant named Raja has gained fame as a toll collector. Standing by the roadside, Raja approaches vehicles from both directions, requesting food as his "toll." This majestic elephant has become a unique and endearing local attraction.