Image Credit: x.com/ParveenKaswan
ഒഡീഷയുടെ തീരത്തേക്ക് കൂട്ടത്തോടെയെത്തുന്ന കടലാമകള്‍... കുറച്ചൊന്നുമല്ല ലക്ഷക്കണക്കിന് കടലാമകള്‍! പ്രജനനത്തിനായി എത്തിയ റിഡ്‌ലി കടലാമകളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസർ പർവീൺ കസ്വാനാണ് ശനിയാഴ്ച തീരത്തെത്തിയ ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകൾ കൂടുകൂട്ടുന്നതിന്റെ വീഡിയോ പങ്കിട്ടത്. ‘പ്രകൃതിയുടെ വിസ്മയം’ എന്നെഴുതിയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മുട്ടയിടാനും അവ വിരിയിക്കുന്നതിന് കൂടൊരുക്കാനുമാണ് ഒലിവ് റിഡ്‌ലി കടലാമകള്‍ കൂട്ടത്തോടെ തീരത്തെത്തുന്നത്. വര്‍ഷംതോറും നടക്കുന്ന ഈ കൂടൊരുക്കല്‍ അരിബാഡാ എന്നാണ് അറിയപ്പെടുന്നത്. വനം വകുപ്പിന്റെ നിരീക്ഷണത്തിലുള്ള റുഷികുല്യ നദീ തീരത്ത് നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമാണ് പങ്കുവച്ചിരിക്കുന്നത്. ബെർഹാംപൂരിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരി 15 ന് ആരംഭിച്ച ഈ കൂടുകൂട്ടല്‍ ഫെബ്രുവരി 25 വരെ തുടരുമെന്ന് റുഷികുല്യ കടലാമ സംരക്ഷണ സംഘം അറിയിക്കുന്നത്.
ഒലിവ്-പച്ച പുറംതോടിന്റെ പേരിലാണ് ഒലിവ് റിഡിൽ ആമകള്‍ എന്ന പേര് ഈ കടലാമകള്‍ക്ക് ലഭിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവി വര്‍ഗമാണിവ. 100 മുതൽ 150 വരെ മുട്ടകളാണിവ ഇടുന്നത്. 50 മുതൽ 55 ദിവസങ്ങൾക്കുശേഷം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ കടലിലേക്കു നീങ്ങും. സാധാരണയായി രാത്രികാലങ്ങളില്‍ ആളൊഴിയുമ്പോഴാണ് ഇവ കൂട്ടമായി എത്താറുള്ളത്. എന്നാല്‍ പകലും ഇവ മുട്ടയിടാനായി എത്താറുണ്ട്. വംശനാശഭീഷണി നേരിടുന്ന കടലാമകളെയും ഇവയുടെ മുട്ടകളെയും സംരക്ഷിക്കാനായി പ്രകൃതി സംരക്ഷകരും രംഗത്തുണ്ട്. മുട്ടയിടുന്ന ഇടങ്ങളില്‍ മനുഷ്യന്റെ ഇടപെടൽ പരിമിതപ്പെടുത്തുന്നതിനായി വേലികെട്ടി തിരിച്ചിരിക്കുകയാണ്.