ഏപ്രിൽ ആദ്യ വാരമാണ്, പക്ഷേ ഇതിനകം തന്നെ ചുട്ടുപൊള്ളുകയാണ് ഉത്തരേന്ത്യ. പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം ശക്തമാകുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങൾക്കും, പ്രായമായവർക്കും, വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും ഈ കാലാവസ്ഥ അപകടകരമാണ്. കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വീണ്ടും ചൂടു കൂടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിലിൽ സാധാരണയുള്ളതിനേക്കാൾ കൂടിയ താപനില അനുഭവപ്പെട്ടതോടെ യെലോ അലർട്ട് പ്രഖ്യാപിച്ചത്. രാജസ്ഥാനിലാകട്ടെ റെഡ് അലർട്ടാണ്. ചൂട് കാരണമുണ്ടാകുന്ന രോഗങ്ങൾ വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ഏറെനേരം വെയിലത്തുനിന്നുള്ള കഠിനജോലികൾ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനില പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം സൂചിപ്പിക്കുന്നു. സീസണിലെ ആദ്യത്തെ പ്രധാന ഉഷ്ണതരംഗമാണിത്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ചൂടു കൂടുന്നതിനൊപ്പം രാജ്യതലസ്ഥാനത്ത് വായുമലിനീകരണവും മോശം സ്ഥിതിയിൽ തുടരുകയാണ്.