ഐഎംബിഡിയിൽ ഛപാകിന്റെ റേറ്റിങ് താഴ്ന്നതിൽ പ്രതികരണവുമായി നടി ദീപിക പദുക്കോൺ. ഐഎംബിഡിയിൽ റേറ്റിങ് മാറ്റാം, എന്നാൽ തന്റെ മനസ്സു മാറ്റാനാവില്ലെന്ന് ദീപിക വ്യക്തമാക്കി. ജെഎൻയു സന്ദർശനത്തെ തുടർന്ന് ദീപികയുടെ സിനിമ ബിജെപി-സംഘപരിവാർ പ്രവർത്തകർ ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിനിമയ്ക്കെതിരെ എതിരെ കടുത്ത ആക്രമണമാണ് സൈബർ ലോകത്ത് ബിജെപിയും സംഘപരിവാറും അഴിച്ചുവിട്ടത്. തുടർന്നാണ് റേറ്റിങ് 4.6 ആയി കുറഞ്ഞത്.
ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട ശേഷം ദീപിക ക്യാമ്പസിൽ എത്തിയിരുന്നു. ഛപാകിന്റെ റിലീസിന് തൊട്ടുമുമ്പായിരുന്നു സന്ദർശനം. എന്നാൽ സിനിമയുടെ പ്രമോഷനായാണ് നടി ക്യാമ്പസിൽ എത്തിയതെന്ന് വ്യാപക വിമർശനമുയർത്തി ഒരു വിഭാഗം. കടുത്ത സൈബർ ആക്രമണം ആണ് ഛപാക്കിന് നേരിടേണ്ടി വന്നത്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഹേറ്റ് ക്യാപയിനുകളും സജീവമായിരുന്നു.
ഒരു അഭിമുഖത്തിനിടെ ഛപാകിന്റെ റേറ്റിങ് താഴ്ന്നതിനെ കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനാണ് ദീപിക തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കിയത്. പിന്നാലെ, ദീപികയ്ക്ക് പിന്തുണയുമായി സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.