കോവിഡ് പ്രതിസന്ധിക്കിടെ കർണാട സർക്കാരിന് തലവേദനയാവുകയാണ് ഖട്ടി സഹോദരൻമാർ. 20 എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിച്ച് യഡിയൂരപ്പ സർക്കാരിനോട് വാക്കു പാലിക്കാൻ ആവശ്യപ്പെടുകയാണ് ബെല്‍ഗാം ജില്ലയില്‍നിന്നുള്ള ശക്തനായ ലിംഗായത്ത് നേതാക്കളായ ഇവർ. വർഷങ്ങളായി താനും സഹോദരനും ബിജെപിയിൽ പീഡനം സഹിച്ചാണ് തുടരുന്നതെന്ന് ബിജെപി മുൻ എംപി കൂടിയായ രമേഷ് ഖട്ടി പറയുന്നു. വിമത നീക്കം ശക്തമാകുന്നതിനിടയിലാണ് മാധ്യമപ്രവർത്തകരോട് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിൽ.
നൽകിയ വാക്കുപാലിക്കണമെന്ന് മാത്രമാണ് പാർട്ടിയോട് ആവശ്യപ്പെടുന്നത്. വാഗ്ദാനം ചെയ്ത് സ്ഥാനങ്ങൾ ലഭിക്കണം. മുഖ്യമന്ത്രി യഡിയൂരപ്പ തനിക്ക് രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നതായും ഇതുവരെ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എട്ടു തവണ എംഎല്‍എ ആയിട്ടുള്ള രമേശ് ഖട്ടിയുടെ സഹോദരൻ ഉമേഷ് കാട്ടിക്ക് കാബിനറ്റ് പദവിയോടെ മന്ത്രിസ്ഥാനം നല്‍കണമെന്നും ആവശ്യമുണ്ട്.
കർണാടകത്തിലെ സഖ്യസർക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ ബിജെപിയുടെ യഡിയൂരപ്പ സർക്കാരിന് പാളയത്തിൽ പട വലിയ പ്രതിസന്ധിയാവുകയാണ്. വടക്കൻ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഉമേഷ് കാട്ടിയുടെ നേതൃത്വത്തിലാണ് 20 എംഎൽഎമാർക്ക് അത്താഴവിരുന്നൊരുക്കിയിരുന്നു.
ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് സജീവമാകുമ്പോഴാണ് ബിജെപി സർക്കാരിന് ഉള്ളിലെ വിമതനീക്കം. കോവിഡ് പ്രതിസന്ധിയിൽ കോൺഗ്രസ് താഴേതട്ടിലിറങ്ങി പ്രവർത്തിക്കുകയാണ്. ഡി.കെയുടെ നേതൃത്വം പാർട്ടിക്ക് വലിയ നേട്ടം സമ്മാനിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.