bsy-new-bjp

കർണാടക മുഖ്യമന്ത്രി  ബി.എസ് യഡിയൂരപ്പയ്ക്കെതിരെ ബിജെപിയിൽ തന്നെ വിമത സ്വരം ഉയരുമ്പോഴും അതൊന്നും വകവയ്ക്കാതെ മുന്നോട്ടുപോവുകയാണ് അദ്ദേഹം. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ ബിജെപിയെ മുന്നിൽ നിന്ന് നയിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം യഡിയൂരപ്പ ഉണ്ടാവില്ലെന്ന് ബിജെപി എംഎൽഎ തന്നെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെല്ലുവിളി നിറഞ്ഞ പ്രതികരണം. 

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലേത് പോലെ മോദിയോടൊപ്പം ചേര്‍ന്ന് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാൻ മുന്നിലുണ്ടാകുമെന്നാണ് യഡിയൂരപ്പ പറയുന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാന്‍ താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

മുഖ്യമന്ത്രിയായി ബി.എസ് യഡിയൂരപ്പ അധികനാൾ തുടരില്ലെന്ന് പരസ്യമായി പറഞ്ഞ് ബിജെപി എംഎൽഎ ബസാനഗൗഡ പാട്ടീല്‍ യത്‌നാലാണ്. പാർട്ടി കേന്ദ്രനേതൃത്വം തന്നെ യഡിയൂരപ്പയെ കൊണ്ട് സഹികെട്ടെന്നും ഉടൻ പുതിയ മുഖ്യമന്ത്രി ഉണ്ടാകുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.മുൻപ് വടക്കൻ കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഉമേഷ് ഖട്ടിയുടെ നേതൃത്വത്തിൽ 20 എംഎൽഎമാർ യഡിയൂരപ്പയ്ക്കെതിരെ രംഗത്തുവന്നിരുന്നു.