മദ്യലഹരിയിൽ സിംഹക്കൂട്ടിലേക്ക് ചാടിയ 40കാരന് സിംഹത്തിന്റെ ആക്രമണത്തിൽ ഗുരുതര പരുക്ക്. കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിലാണ് സംഭവം. മിഡ്നാപുർ സ്വദേശിയായ ഗൗതം ഗുചായിത് എന്നയാൾക്കാണ് പരുക്കേറ്റത്. ടിക്കറ്റ് എടുത്ത് മൃഗശാലയിൽ കയറിയ ഇയാൾ സിംഹത്തിനെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തി സുരക്ഷാവേലി മറികടന്ന് അകത്തേക്ക് ചാടുകയായിരുന്നു.
ഈ സമയം കൂടിനു പുറത്തായിരുന്നു സിംഹം. മറ്റ് സന്ദർശകർ നൽകിയ വിവരമറിഞ്ഞ് അധികൃതരെത്തിയപ്പോഴേക്കും ഇയാളെ സിംഹം ആക്രമിച്ചു കഴിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. ഗൗതമിന്റെ കഴുത്തിനും തോളിനുമാണ് ഗുരുതരമായിപരുക്കേറ്റത്. നിലത്തുവീണു കിടന്ന ഗൗതമിനെ ഉടന്‍ തന്നെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.