പരിശോധനയുടെയും കേസുകളുടെയും പേരില്‍ ഉപദ്രവിക്കില്ലെന്ന് കിറ്റക്സിന് തെലങ്കാന സര്‍ക്കാരിന്റെ ഉറപ്പ്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവാണ് ഉറപ്പുനല്‍കിയത്. തെലങ്കാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കിറ്റക്സ് സംഘം ഇന്നും തെലങ്കാനയില്‍ തങ്ങും. അതെസമയം കിറ്റക്സ് വിവാദത്തില്‍ എംഡി സാബു എം ജേക്കബിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പിന്തുണ ഉറപ്പുനല്‍കി.
കര്‍ണാടക, ആന്ധ്ര, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, സംസ്ഥാനങ്ങള്‍ നല്‍കുന്നതിലും പരിഗണനയാണ് കിറ്റക്സിന് തെലങ്കാന സര്‍ക്കാര്‍ നല്‍കിയത്. കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇന്നുകൊച്ചിയിലെയ്ക്ക് മടങ്ങാനിരുന്ന കിറ്റക്സ് സംഘം യാത്ര നാളേയ്ക്ക് മാറ്റി.
അതെ സമയം കിറ്റക്സ് എംഡി സാബു എം ജേക്കബിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പിന്തുണ അറിയിച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൂര്‍ണ പിന്തുണയോടെ കര്‍ണാടകയില്‍ കിറ്റക്സിന് നിക്ഷേപമിറക്കാനുള്ള അവസരം നല്‍കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. സാബു എം ജേക്കബിനെ ഫോണില്‍ വിളിച്ചതായും കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്കും ട്വീറ്റ് ടാഗ് ചെയ്തിട്ടുണ്ട്. കിറ്റക്സ് ഇന്നലെ തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു.