കിറ്റെക്സ് എം.ഡി സാബു എം. ജേക്കബിനെ കിഴക്കമ്പലത്തെ അക്രമത്തിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കമ്പനിയിലേക്ക് മാർച്ച് നടത്തി. വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം വളർത്താൻ അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം, കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളി ക്യാംപിൽവച്ച് ഇൻസ്പെക്ടറെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതികളുമായി ക്യാംപിൽ തെളിവെടുപ്പ് നടത്തി. ലേബർ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാലുടൻ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.   

 

കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളായ ഇതര സംസ്ഥാനക്കാർ പൊലീസിനെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ഒന്നാം പ്രതി  ടി.എച്ച് ഗുൽസൻ സിങ്, രണ്ടാം പ്രതി സെർതോ ഹെൻജാഖപ് കോം, മൂന്നാം പ്രതി മെയ്രാബം ബോയ്ച്ച സിങ്, പതിന്നാലാം പ്രതി ലൂയിസ് ഹെബ്ബ്രോവൻ എന്നിവരെയാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിൽ കിട്ടിയതിന് പിന്നാലെ പ്രതികളെ കിഴക്കമ്പലത്തെത്തിച്ച് തെളിവെടുത്തു. 

 

എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തിൽ ക്യാംപിലെ പന്ത്രണ്ട് ലൈൻ ക്വാട്ടേഴ്സുകളിലും പൊലീസ് പരിശോധന നടത്തി. അക്രമം നടന്ന ദിവസം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയൽ കാർഡ് ക്യാംപിൽ നിന്ന് കണ്ടെടുത്തു. സംഘർഷത്തിൽ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.