എത്ര ധൈര്യശാലിയാണെന്നു പറഞ്ഞാലും മുതലയെ കണ്ടാൽ ആരും ഭയന്ന് ജീവനും കൊണ്ടോടും. എന്നാൽ മുതലയുടെ പിടിയിൽ നിന്ന് സ്വന്തം സഹോദരന്റെ ജീവൻ രക്ഷിച്ച ധീരനായ കൗമാരക്കാരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉത്തർ പ്രദേശിലെ പിലിഭിത് ജില്ലയിലുള്ള മധോടണ്ടയിലാണ് സംഭവം നടന്നത്. 17കാരനായ വികാസും സഹോദരൻ നീരജും പതിവുപോലെ കൃഷിയിടത്തിൽ ജോലിക്കെത്തിയതായിരുന്നു. ജോലികഴിഞ്ഞ് മടങ്ങുന്നതിനു മുൻപ് കൈകാലുകൾ വൃത്തിയാക്കാനാണ് അവർ സമീപത്തുള്ള കനാലിൽ ഇറങ്ങിയത്.
കൈകഴുകുന്നതിനിടയിൽ വലതു കാലിൽ എന്തോ പിമുറുക്കുന്നതായി വികാസിനു തോന്നി. സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നതിനു മുൻപ് തന്നെ കാലിൽ പിടുത്തമിട്ട മുതല വികാസിനെ വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തി. സർവ ശക്തിയുമെടുത്ത് കുതറി മുതലയുടെ പിടിവിടുവിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സഹോദരനെ മുതല പിടിച്ചതു കണ്ട് ഭയന്ന നീരജ് ഉടൻതന്നെ ഒരു വലിയ കല്ലെടുത്ത് മുതലയുടെ പുറത്തേക്കിട്ടു. കല്ലു പുറത്തേക്ക് വീണതും മുതല വികാസിന്റെ കാലിൽ നിന്നുള്ള പിടിവിട്ടു. വേഗം തന്നെ കനാലിന്റെ മറ്റൊരുഭാഗത്തേക്ക് നീന്തി മറയുകയും ചെയ്തു.
മുതലയുമായുള്ള പിടിവലിക്കിടയിൽ വികാസിന്റെ കാലിന് പരുക്കേറ്റെങ്കിലും ഗുരുതരമല്ല. തലനാരിഴയ്ക്കാണ് വികാസ് മുതലയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഉടൻതന്നെ ഇയാളെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ഉടൻതന്നെ ഇവർ വനംവകുപ്പിനെയും വിവരമറിയിച്ചു. കൃഷിയിടത്തിനു സമീപമുള്ള കനാലുകളിൽ മുതലകളുടെ സാന്നിധ്യമുണ്ടെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഈ വർഷം ജൂലൈയിൽ മുതലയുടെ ആക്രമണത്തിൽ ഇവിടെ രണ്ട് കുട്ടികൾ മരണപ്പെട്ടിരുന്നു.