അറുപതു വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സീന്‍ കരുതല്‍ ഡോസിന് ഡോക്ടറുെട സര്‍ട്ടിഫിക്കറ്റ് വേണ്ട. ഒമിക്രോണ്‍ ഭീഷണിയും പ്രതിദിന കോവിഡ് കേസുകളും ഉയര്‍ന്നതോടെ ഡല്‍ഹി ഭാഗിക ലോക്ഡൗണിലേക്ക് നീങ്ങി. യെലോ അലര്‍ട് പ്രഖ്യാപിച്ചു. അതിനിടെ രണ്ടു കോവിഡ് വാക്സീനുകള്‍ക്കും കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നിനും കേന്ദ്രം അനുമതി നല്‍കി.
അറുപത് വയസ് കഴിഞ്ഞ ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് ജനുവരി 10 മുതല്‍ കരുതല്‍ ഡോസ് നല്‍കും. രോഗമുണ്ടെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മൂന്നാം ഡോസ് സ്വീകരിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടറുടെ ഉപദേശം തേടണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസിന് അര്‍ഹതയുണ്ടാകും. ജനുവരി 3 മുതല്‍ കൗരമാരക്കാരുടെ വാക്സിനേഷന്‍ മുന്‍ഗണന നല്‍കാനും പ്രത്യേക സൗകര്യമൊരുക്കുന്നത് പരിഗണിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ സ്കൂളുകള്‍, കോളേജുകള്‍, തിയറ്റര്‍, ജിം എന്നിവ അടച്ചിടും.
മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. റസ്റ്ററന്‍റുകളില്‍ പകുതിപേര്‍ക്ക് പ്രവേശനം. സ്വകാര്യസ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5വരെ കര്‍ഫ്യു. വിവാഹങ്ങളിലും മരണാനന്തരച്ചടങ്ങിലും പരമാവധി 20 പേര്‍. മെട്രോയിലും ബസിലും പകുതിപേര്‍. മത, രാഷ്ട്രീയപരിപാടികള്‍ അനുവദിക്കില്ല. രാജ്യത്ത് ഇതുവരെ 653 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ച കോര്‍ബെവാക്സിനും പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിച്ച കോവോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
ഹൈ റിസ്ക് വിഭാഗത്തിലുള്ള കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ആന്‍റി വൈറല്‍ മരുന്നായ മൊള്‍നുപിരാവിറിനും നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയ റാലികളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിക്കാന്‍ സാധ്യതയില്ല. കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘം യുപിയിലെത്തി.