ഓക്സിജൻ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തതക്കൊരുങ്ങി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്. അരകോടി രൂപ ചെലവിൽ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. രണ്ടുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യകതയും ഏറുകയാണ്. ഇതിനാലാണ് സ്വയം ഉൽപ്പാദനത്തിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കടക്കുന്നത്. ആദ്യഘട്ടത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചാണ് ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുക. പദ്ധതി രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ ആശുപത്രിയിലെ ഉപയോഗത്തിനു ശേഷം സ്വകാര്യ ആശുപത്രികൾക്കും ഓക്സിജൻ കൈമാറ്റം ചെയ്യുന്ന കാര്യം പരിഗണിക്കും. ആരോഗ്യവകുപ്പ് അധികൃതരുമായി പ്ലാന്റ് നിർമ്മാണ ചർച്ചകൾ ജില്ലാ പഞ്ചായത്ത് തുടങ്ങി കഴിഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെന്റിലേറ്റർ, ആംബുലൻസ് സഹായം, വാക്സിനേഷൻ എന്നിവയ്ക്കായി ഒരു കോടി രൂപയുടെ പദ്ധതിയും ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്.