കാര്യം അറിയാതെയുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും കൂടിവരുന്നതായി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ. ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. ചിത്രം കാണാത്തവരാണ് വിമർശനം ഉന്നയിക്കുന്നവരിൽ കൂടുതൽ എന്നും കോടതി നിരീക്ഷിച്ചു. ജഡ്ജിമാര്‍ വിധിയെഴുതി മഷി ഉണങ്ങും മുന്‍പ് അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത ഒരു വിഭാഗമുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളും പ്രവര്‍ത്തികളും നിലവിലുള്ള സംവിധാനത്തെ തന്നെ തകര്‍ക്കുമെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി ഉള്ളതാണ് ചുരുളി സിനിമ എതിരായ ഹർജി എന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങളിൽ പ്രശ്നമില്ലെന്ന റിപ്പോർട്ട് ഡിജിപി കോടതിക്ക് കൈമാറിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.