സംഗീത സംവിധായകൻ ഇളയരാജയ്ക്കു ജിഎസ്ടി വകുപ്പിന്റെ നോട്ടിസ്. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഇളയരാജയ്ക്കു നോട്ടീസ് ലഭിച്ചിരിക്കുന്നത്.മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തവണ ജിഎസ്ടി ചെന്നൈ സോൺ ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്. 2013 –2015 കാലയളവില്‍ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.
ഫെബ്രുവരി 28-നായിരുന്നു ഇളരാജയ്ക്ക് ആദ്യമായി സമന്‍സ് ലഭിച്ചത്. മാര്‍ച്ച് 10-ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുമായിരുന്നു സമന്‍സിലെ നിര്‍ദേശം. എന്നാല്‍, ഇളയരാജ ഹാജരായില്ല.ഇതോടെ മാര്‍ച്ച് 21-ന് വീണ്ടും സമന്‍സ് നല്‍കി. മാര്‍ച്ച് 28-ന് ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും ഇളയരാജ ഹാജരായില്ല. ഇതിന് ശേഷമായിരുന്നു ഇളയരാജ ഒരു പുസ്തകത്തിൽ മോദിയെ പുകഴ്ത്തി ആമുഖം എഴുതിയത്. പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം നടത്തി ഇളയരാജ ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം വിവാദമാകുകയും ചെയ്തു . മോദിയെ പുകഴ്ത്തിയത് നടപടികളില്‍നിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.