ഇസൈജ്ഞാനി, മ്യൂസിക് മാസ്ട്രോ ഇളയരാജയുടെ മകനും പ്രമുഖ തമിഴ് സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ടു. ഇഹ്റാം വേഷത്തോടെ വിമാനത്തിലിരിക്കുന്ന ചിത്രം ട്വീറ്റ് െചയ്തു യുവാന്‍ തന്നെയാണു തീര്‍ഥാടന വിവരം പുറത്തുവിട്ടത്. എന്നാണു യാത്ര തുടങ്ങിയതെന്നോ എപ്പോഴാണു ഉംറയെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ 2021 ഓഗസ്റ്റിലാണു സൗദി അറേബ്യ ഉംറ തീര്‍ഥാടകരെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങിയത്. 2014 ലാണു യുവാന്‍ ഇസ്ലാം മതത്തിലേക്കു മാറിയത്.
വിവാദങ്ങള്‍–ഭാര്യയ്ക്കുവേണ്ടി മതംമാറിയോയെന്ന ചോദ്യം നേരിട്ടു
2014ലാണു യുവാന്‍ ശങ്കര്‍ രാജ ഇസ്ലാമിലേക്കു മാറിയതായി പ്രഖ്യാപിച്ചത്. തൊട്ടുപിറകെ 2015ല്‍ സഫ്റൂണ്‍ നിസാര്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. യുവാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇതോടെ കാമുകിയെ സ്വന്തമാക്കാനാണു യുവാന്റെ മതം മാറ്റെന്ന ആക്ഷേപം ഉയര്‍ന്നു. 2020 ല്‍ സമൂഹമാധ്യമ ലൈവിനിടെ ഒരു ആരാധകന്‍ ഇക്കാര്യം യുവാനോടു നേരിട്ടു ചോദിച്ചു.അന്നാണ് ആദ്യമായി യുവാന്‍ മതം മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയത്. നീണ്ട നാളത്തെ യാത്രയാണു തന്റെ ഇസ്ലാമിലേക്കുള്ള മാറ്റമെന്നായിരുന്നു ഒറ്റവരിയിലുള്ള മറുപടി. പിറകെ കാര്യങ്ങള്‍ വിശദീകരിച്ചു. 2011ല്‍ അമ്മ മരിച്ചതോടെ മാനസികമായി വലിയ ഒറ്റപ്പെടലുണ്ടായി. ആകെ തകര്‍ന്നിരിക്കുന്ന സമയത്താണ് ഒരു സുഹൃത്ത് മക്കയില്‍ നിന്നു കൊണ്ടുവന്ന മുസല്ല(പ്രാര്‍ഥന പരവതാനി) സമ്മാനമായി നല്‍കിയത്. വല്ലാതെ തകര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഈ മുസല്ലയില്‍ ധ്യാനിച്ചിരിക്കുന്ന പതിവുണ്ടായിരുന്നു. അമ്മയില്ലാത്ത ലോകത്ത്, ഒറ്റപ്പെട്ട്, മാനസികമായി തകര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ താങ്ങായാണു ഇസ്ലാമിനെ കൂട്ടുപിടിച്ചതെന്നായിരുന്നു യുവാന്റെ വിശദീകരണം
150 ചിത്രങ്ങള്‍,തമിഴില്‍ തിരക്കേറിയ സംഗീത സംവിധായകരില്‍ ഒരാള്‍
ഇസൈജ്ഞാനിയെന്നാണു പിതാവ് ഇളയ രാജ അറിയപ്പെടുന്നത്. സംഗീതത്തില്‍ എല്ലാമറിയുന്നയാള്‍ എന്നര്‍ഥം. എന്നാല്‍ സംഗീത രംഗത്ത് സ്വന്തം വഴി വെട്ടിയാണു യുവാന്റെ വരവ്. 10ാം വയസില്‍ സംഗീത രംഗത്തെത്തിയ യുവാനെ സിനിമാ ലോകം ശ്രദ്ധിക്കുന്നതു അജിത്ത്–മുരുകദാസ് ചിത്രമായ ദീനയിലൂടെയാണ്. 150 ല്‍ അധികം സിനിമകള്‍ക്കു സംഗീതം നല്‍കിയ യുവാന്‍ തമിഴിലെ ഏതാണ്ട് എല്ലാ പ്രമുഖ നടന്‍മാരുടെയും ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്.