സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചതെന്നും ബാലഗോപാല്‍ അവകാശപ്പെട്ടു. ഇന്ധനനികുതിയില്‍ നിന്നുള്ള അധിക വരുമാനം സംസ്ഥാനം വേണ്ടെന്നുവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേസമയം പെട്രോള്‍ വിലയില്‍ ആകെ 10 രൂപ 41 പൈസ കുറയേണ്ടതാണെങ്കിലും കേരളത്തില്‍ ഒമ്പതര രൂപയുടെ കുറവ് മാത്രമാണുണ്ടായത്.
കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായി സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്കപ്പുറത്തേക്കുള്ള ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാകില്ലെന്ന് വ്യക്തമായി. സംസ്ഥാനം ഇനി വില്‍പന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തുറന്നുപറഞ്ഞു. ഇടതുസര്‍ക്കാര്‍ ഇതുവരെ നികുതി കൂട്ടിയിട്ടില്ലെന്നതാണ് ബാലഗോപാലിന്‍റെ ന്യായീകരണം. കേന്ദ്രസര്‍ക്കാര്‍ 30 രൂപ കൂട്ടിയിട്ട് ഇപ്പോള്‍ എട്ടുരൂപകുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പലതവണ നികുതി കൂട്ടിയശേഷമാണ് മൂന്നോനാലോ തവണ കുറച്ചതെന്നു പറഞ്ഞ് പ്രതിപക്ഷത്തിനെതിരെയും ധനമന്ത്രി തിരിഞ്ഞു.
ഇടതുസര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. ഇന്ധനനികുതി വര്‍ധനയിലൂടെ നാലുകൊല്ലം കൊണ്ട് ആറായിരം കോടിയാണ് അധികവരുമാനം നേടിയത്. ഇന്ധനനികുതി കുറയ്ക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇപ്പോഴത്തെ വിലക്കുറവില്‍ ആശ്വാസമുണ്ടെങ്കിലും കമ്പനികള്‍ ഇനിയും വിലകൂട്ടുമെന്ന ആശങ്കയാണ് ജനങ്ങള്‍ പങ്കുവച്ചത്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്‍റെ എക്സൈസ് തീരുവ എട്ടുരൂപയാണ് കുറച്ചത്. ആനുപാതികമായി സംസ്ഥാനത്ത് 2 രൂപ 41 പൈസയും കുറഞ്ഞു. ആകെ 10 രൂപ 41 പൈസയാണ് കുറയേണ്ടത്. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് പമ്പുകളില്‍ കുറഞ്ഞത് ഒമ്പതര രൂപ മാത്രമാണ്. ഒരു രൂപയോളം വ്യത്യാസം. ഇതെന്തുകൊണ്ടെന്ന് വ്യക്തമാക്കാന്‍ ഡീലര്‍മാര്‍ക്കും സാധിക്കുന്നില്ല. എണ്ണകമ്പനികളാണ് ഇക്കാര്യം വിശദീകരിക്കേണ്ടത്.