Jharkhand-congress

രാജ്യസഭാ സീറ്റ് വിവാദത്തെ ചൊല്ലി ജാർഖണ്ഡിലെ ജെഎംഎം- കോൺഗ്രസ് സഖ്യത്തിൽ ഉലച്ചിൽ. സർക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചാൽ മതി എന്ന് ഹൈക്കമാൻഡിനോട് കോൺഗ്രസ് എംഎൽഎമാർ. ജെഎംഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമോ എന്ന് ആലോചിക്കേണ്ടിവരുമെന്നും എംഎൽഎമാർ നിലപാടെടുത്തു. അതേസമയം രാജസ്ഥാനിലും ഹരിയാനയിലും ബിജെപി പിന്തുണയോടെ മാധ്യമ മുതലാളിമാർ മത്സര രംഗത്തിറങ്ങിയത് കോൺഗ്രസിന് വെല്ലുവിളിയായിരിക്കുകയാണ്.

ജാർഖണ്ഡിൽ പൊതു സ്ഥാനാർഥിയെ നിർത്താമെന്ന ധാരണ തെറ്റിച്ച് ജെഎംഎം, സ്ഥാനാർഥിയായി മഹുവ മാജിയെ പ്രഖ്യാപിച്ചതിൽ അത്യപ്തിയിലാണ് കോൺഗ്രസ് എംഎൽഎമാർ. ജെഎംഎം വഞ്ചിച്ചു. 2020ൽ ഷിബു സോറന് സീറ്റ് നൽകിയപ്പോഴുള്ള ധാരണ പാലിച്ചില്ല. അതിനാൽ  മന്ത്രിസഭയിൽ നിന്ന് പിൻമാറി പുറത്ത് നിന്ന് പിന്തുണച്ചാൽ മതി എന്നാണ് എം എൽ എ മാർ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടത്. ജെഎംഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമോ എന്ന് ആലോചിക്കണമെന്നും എം എൽ എമാർ ആവശ്യപ്പെട്ടു.

പ്രശ്ന പരിഹാരത്തിനായി സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ വിളിച്ച യോഗത്തിലും എം എൽ എ മാർ നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ അഭിപ്രായ ഭിന്നത മുതലെടുത്ത് ബി ജെ പി അധികാരം പിടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമം. 

അതേസമയം രാജസ്ഥാനിൽ മൂന്ന് സീറ്റ് ഉറപ്പിച്ച കോൺഗ്രസിന് വെല്ലുവിളി ഉയർത്തുകയാണ് ബി ജെ പി പിന്തുണയോടെ എത്തുന്ന സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്ര. ബിജെപി കുതിര കച്ചവടത്തിന് കളമൊരുക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് ആരോപിച്ചു. രൺ ദീപ് സുർജെ വാല , മുകുൾ വാസ്നിക് എന്നിവർ  വിജയം ഉറപ്പിക്കുമ്പോൾ പ്രമോദ് തിവാരി ക്കാണ് മത്സരം നേരിടേണ്ടിവരിക. ഹരിയാനയിൽ കോൺഗ്രസ് നേതാവ് അജയ് മാക്കനെതിരെയാണ് ബിജെപി പിന്തുണയോടെ ന്യൂസ് എക്സ് ഉടമ കാർത്തികേയ ശർമ്മ  മത്സരിക്കുന്നത്.