സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷനീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ എൽഡിഎഫിന് എതിര്‍ചേരിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. ന്യൂനപക്ഷങ്ങളില്‍ നിന്ന് സാധാരണ ലഭിക്കേണ്ട വോട്ടിലും ചോര്‍ച്ച ഉണ്ടായി. യു.ഡി.എഫ് വോട്ടുകളിലും വോട്ട് ശതമാനത്തിലും വര്‍ധന ഉണ്ടാക്കി. തൃക്കാക്കരയില്‍ സംഘടനാദൗര്‍ബല്യവും പരാജയത്തിന് കാരണമായി. ബൂത്തുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിടെ താമസിക്കുന്നവരല്ല. ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്ന് സംസ്ഥാന സമിതിയില്‍ തീരുമാനമായെന്നും കോടിയേരി പറഞ്ഞു.

രാഹുലിന്റെ ഓഫിസിലെ അക്രമത്തിൽ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയെന്ന് കോടിയേരി പറഞ്ഞു. ആക്രമണം അത്യന്തം അപലപനീയം, ഇത്തരം സംഭവങ്ങള്‍ പാര്‍‍ട്ടിയെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിചിത്രം തകര്‍ത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്.എഫ്.ഐ സമരം നടക്കുമ്പോള്‍ ഫോട്ടോ അവിടെയുണ്ടായിരുന്നു. സമരത്തിനുശേഷമാണ് ഫോട്ടോ അവിടെ നിന്ന് മാറ്റിയത്തെന്നും കോടിയേരി ആരോപിച്ചു.