ഗോവയിൽ മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കി കോണ്‍ഗ്രസ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ മൈക്കിള്‍ ലോബോ ഗൂഢാലോചന നടത്തിയെന്ന് ദിനേശ് ഗുണ്ടു റാവു ആരോപിച്ചു. മൈക്കിള്‍ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി കണ്ടതിന് പിന്നാലെയാണ് സ്ഥാനത്തു നിന്ന് മാറ്റിയത്.
നേരത്തെ കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താസമ്മേളത്തില്‍ മൈക്കിള്‍ ലോബോ പങ്കെടുത്തിരുന്നില്ല. മുതിര്‍ന്ന നേതാവ് ദിഗംബര്‍കാമത്തും വാര്‍ത്താസമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു. 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പിസിസി ഒാഫിസിലെത്തിയത് രണ്ടുപേര്‍ മാത്രമാണ്.
തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്
ഗോവയില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു എഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു. നിലവിലെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഏഴ് എംഎല്‍എമാര്‍ യോഗത്തിന് എത്തിയിരുന്നു എന്നുമാണ് കോണ്‍ഗ്രസ് പ്രതികരണം. കോണ്‍ഗ്രസിന്റെ 11 എംഎല്‍എമാരില്‍ 10 പേര്‍ ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം.
നിയമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ കോണ്‍ഗ്രസിന്റെ 11 എംഎല്‍എമാരില്‍ 10 പേര്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയുടെ നേതൃത്വത്തില്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നു എന്നാണ് ആദ്യം അഭ്യൂഹം പ്രചരിച്ചത്. പിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ച് മൈക്കല്‍ ലോബോ തന്നെ രംഗത്തുവന്നു. നിലവില്‍ പ്രചരിക്കുന്നതെല്ലാം കിംവദന്തി മാത്രമാണെന്നും എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നു എന്നുമായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവുവിന്റെ പ്രതികരണം. കോണ്‍ഗ്രസ് വിളിച്ച അടിയന്തര യോഗത്തില്‍ ഏഴ് എംഎല്‍എമാര്‍ പങ്കെടുത്തതായും ശേഷിക്കുന്നവര്‍ ഒപ്പമുണ്ടെന്ന് അറിയിച്ചതായും നേതാക്കള്‍ പറയുന്നു.
അതേസമയം യോഗത്തിന് എത്തിയത് നാല് എംഎല്‍എ മാത്രമാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴില്‍ കൂടുതല്‍ എം.എല്‍.എമാര്‍ ബിജെപിയിലേക്ക് പോവുകയാണെങ്കില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. പ്രതിപക്ഷ സ്ഥാനം ദിഗംബര്‍ കാമത്തിന് നല്‍കാതെ മൈക്കിള്‍ ലോബോക്ക് നല്‍കിയതിലെ അതൃപ്തിയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന. കൂറുമാറില്ലെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാകുന്ന അപമാനവും തിരിച്ചടിയും വലുതായിരിക്കും