എല്‍.ഡി.എഫിലെ അസംതൃപ്തരെ മുന്നണിയിലെത്തിക്കണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തിനെതിരെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍. എല്‍ഡിഎഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ല. എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. അവര്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂവെന്നും ഇ.പി.ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

 

യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെയെത്തിക്കണമെന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ച് ജോസഫ് വിഭാഗം. എല്‍.ഡി.എഫിലെ അസംതൃപ്തര്‍ ആരെന്ന് ആദ്യം കെ.പി.സി.സി വ്യക്തമാക്കണമെന്നായിരുന്നു മോന്‍സ് ജോസഫിന്റ പ്രതികരണം. അന്തിമ തീരുമാനമെടുക്കേണ്ടത് യു.ഡി.എഫ് ആണെന്ന്  മുസ്ലീം ലീഗ്. അതേസമയം ആഗ്രഹങ്ങള്‍ക്ക് ലൈസന്‍സില്ലെന്നായിരുന്നു കാനത്തിന്റ പരിഹാസം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന രീതിക്കെതിരെ  സി.പി.െഎ ഉള്‍പ്പടെ ഉയര്‍ത്തുന്ന വിമര്‍ശനം മുന്നില്‍ കണ്ടാണ് ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണമെന്ന് ചിന്തന്‍ ശിബിരം തീരുമാനിച്ചത്. സി.പി.െഎയ്ക്ക് പുറമെ അടുത്തിടെ യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മിനേയും എല്‍.ജെ.ഡിയുമാണ് കോണ്‍ഗ്രസിന്റ ഉന്നം. മുന്നണിയില്‍ ചര്‍ച്ച പോലും നടത്താതെ ഇത്തരമൊരു തീരുമാനം എടുത്തതിലുള്ള  കടുത്ത അതൃപ്തി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി. 

 

രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ് ആണന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറിന്റ പ്രതികരണം. കോണ്‍ഗ്രസിന് എന്തും ആഗ്രഹിക്കാമെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍.സിപിഐ സമ്മേളങ്ങളില്‍ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനം സ്വഭാവികമെന്നും വ്യക്തമാക്കി. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കോണ്‍ഗ്രസ് മുന്നണി വിപുലീകരണം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കാര്യമാക്കേണ്ടെന്നും പാര്‍ട്ടിയുടേയും  മുന്നണിയുടേയും ജനകീയ പിന്തുണ വര്‍ധിപ്പിക്കുന്നതോടെ വിട്ടുപോയവര്‍ക്കും മനമാറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.