TAGS

രാജ്യസഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തില്‍ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള മൂന്നുപേര്‍ അടക്കം 19 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍. എ.എ റഹീം, വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവരാണ് നടപടി നേരിട്ടത്. ഒരാഴ്ച്ചത്തേയ്ക്കാണ് സസ്പെന്‍ഷന്‍. ജിഎസ്ടി നിരക്ക് വര്‍ധന എല്ലാവരും കൂടി തീരുമാനിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

 

അച്ചടക്കത്തിന്‍റെ വാളോങ്ങി രാജ്യസഭയും

 

വിലക്കയറ്റം, ജിഎസ്ടി നിരക്ക് മാറ്റം എന്നിവ ഉന്നയിച്ച് പ്രതിപക്ഷം ഇന്നും ഇരുസഭകളും ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്ത എംപിമാരെ രാജ്യസഭാ ഉപാധ്യക്ഷന്‍ താക്കീത് ചെയ്തു. പ്രതിഷേധം തുടര്‍ന്നതാടെ സഭയോടും സഭാനാഥനോടും അവമതിപ്പുണ്ടാക്കും വിധം പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ചട്ടം 256 പ്രകാരം സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി മുരളീധരന്‍ അവതരിപ്പിച്ചു. ഒരാഴ്ച്ചത്തേയ്ക്കാണ് അച്ചടക്ക നടപടി. വോട്ടെടുപ്പ് വേണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ബഹളം മൂലം ശബ്ദവോട്ടോെടയാണ് പ്രമേയം അംഗീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏഴും ഡിഎംകെയുടെ ആറും ടിആര്‍എസിന്‍റെയും ഇടതുപാര്‍ട്ടികളുടെയും മൂന്നുവീതവും എംപിമാരാണ് നടപടി നേരിട്ടത്. 

 

ഇന്നലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ലോക്സഭാംഗങ്ങളായ ടി.എന്‍ പ്രതാപനും രമ്യ ഹരിദാസും ജ്യോതിമണിയും മാണിക്യം ടാഗോറും പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. സസ്പെന്‍ഷന്‍ ഉത്തരവ് കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം. ജിഎസ്ടി നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്ത മന്ത്രിതല ഉപസമിതിയില്‍ കേരള ധനമന്ത്രിയും അംഗമായിരുന്നുവെന്ന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ മറുപടി നല്‍കി. സമിതി അംഗങ്ങള്‍ക്കിടയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. ജിഎസ്ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും പങ്കജ് ചൗധരി വ്യക്തമാക്കി.