പാര്‍ലമെന്‍റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്പെന്‍ഷന്‍ തുടരുന്നു. ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഇരുസഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 24 ആയി. ടിഎന്‍ പ്രതാപനും, രമ്യ ഹരിദാസും അടക്കം സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ദേശീയ ഗീതമായ വന്ദേമാതരത്തെ അവഹേളിച്ചുവെന്ന് ബിജെപി ആരോപിച്ചു. വിലക്കയറ്റം ഇന്ന് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഇരുസഭകളും ഇന്നും തടസപ്പെട്ടു.
ഇന്നലെ രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും കടലാസുകള്‍ കീറി ചെയറിന് നേരെ എറിയുകയും ചെയ്തതിനാണ് സഞ്ജയ് സിങ്ങിനെ സസ്പെന്‍ഡ് ചെയ്തത്. ഈ ആഴ്ച്ചയിലെ അവശേഷിക്കുന്ന പ്രവര്‍ത്തി ദിനങ്ങളിലേയ്ക്കാണ് സസ്പെന്‍ഷന്‍. സഭയുടെ അന്തസിന് ചേരാത്ത വിധം പെരുമാറിയതിനാണ് നടപടി. സഞ്ജയ് സിങ്ങിനെ ഉപാധ്യക്ഷന്‍ താക്കീത് ചെയ്യുകയും അച്ചടക്കനടപടിക്ക് ചട്ടം 256 പ്രകാരമുള്ള സര്‍ക്കാര്‍ പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു.
ലോക്സഭയില്‍ 4 എംപിമാരെയും രാജ്യസഭിയിലെ 19 അംഗങ്ങളെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന എന്നിവ ഉന്നയിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. വര്‍ഷകാലസമ്മേളനത്തിന്‍റെ എട്ടാം ദിനമായ ഇന്നും തുടര്‍ച്ചയായി ഇരുസഭകളും തടസപ്പെട്ടു. എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. ധനമന്ത്രി നിര്‍മല സീതാരാമന്‍ കോവിഡ് മുക്തയായി സഭയിലെത്തിയതിനാല്‍ വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തിമാക്കി. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. സസ്പെന്‍ഷന്‍ ചെയ്യപ്പെട്ട എംപിമാര്‍ രാവിലെ പാര്‍ലമെന്‍റിന്‍റെ പ്രവേശനകവാടത്തിന്‍റെ പടിക്കെട്ടിലിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ടിഎന്‍ പ്രതാപനും, രമ്യ ഹരിദാസും അടക്കം എംപിമാര്‍ ഇരുന്ന് വന്ദേമാതരം പാടിയതിന് എതിരെ ബിജെപി രംഗത്തുവന്നു. രാവിലെ പ്രതിപക്ഷനേതാക്കള്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.