ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നു വര്‍ഷം. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയില്ല. പലവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ശ്രീറാമിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിനിടയില്‍ സെഷന്‍സ് കോടതിയില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ എക്സിക്യൂട്ടീവ് മജിസ്റ്റീരിയല്‍ അധികാരമുള്ള കലക്ടറായി ശ്രീറാമിനെ നിയമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.
2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ കാറോടിച്ച ശ്രീറാമോടിച്ച കാറിടിച്ചു കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ടു മൂന്നു വര്‍ഷം തികയുമ്പോഴും വിചാരണ നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല. കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങള്‍. ബഷീറിന്‍റെ മരണം നടന്നു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ തടസവാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത്. പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു.
ഹാജരാകണമെന്നു കര്‍ശന നിര്‍ദേശമെത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയിലെത്തി പരിശോധിക്കാനായിരുന്നു സിജെഎമ്മിന്‍റെ നിര്‍ദേശം. പിന്നീട് ഹാജരായേ പറ്റൂവെന്നു കോടതി നിലപാടടെടുത്തപ്പോള്‍ ശ്രീറാമും വഫയും കോടതിയില്‍ ഹാജരായി. വിചാരണയുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുപോലും ഇതുവരെ നടന്നിട്ടില്ല. ഏറ്റവും ഒടുവില്‍ തനിക്കു കേസുമായി ബന്ധമില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വഫ ഫിറോസ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. അതായത് വിചാരണ നടപടികള്‍ ഇനിയും അനന്തമായി നീളുമെന്നര്‍ഥം. വിചാരണ നീളുമ്പോഴും സര്‍വീസില്‍ തിരിച്ചെത്തിയ ശ്രീറാമിനെ ആലപ്പുഴ കലക്ടര്‍ കസേരയില്‍ ഇരുത്തിയെങ്കിലും പ്രതിഷേധം അണപൊട്ടിയപ്പോള്‍ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരാക്കി മാറ്റി സര്‍ക്കാര്‍ തടിതപ്പി. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം വനിതാ സുഹൃത്ത് വഫ ഫിറോസുമുണ്ടായിരുന്നു.