ജെന്‍ഡര്‍ ന്യൂട്രല്‍ വിദ്യാഭ്യാസത്തില്‍ മുന്‍നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിന്‍റെ അഭിപ്രായം മാറിയതില്‍ സന്തോഷമെന്ന് സമസ്ത പ്രതികരിച്ചു. പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കരടു രേഖയില്‍ ജെന്‍ഡര്‍ന്യൂട്രല്‍ വിദ്യാഭ്യാസം സംബന്ധിച്ച നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റം വരുത്തിയിരുന്നു. ആരെയും  ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്. 

 

സര്‍ക്കാര്‍ മുന്‍നിലപാടില്‍ മാറ്റം വരുത്തിയതില്‍ സന്തോഷമെന്ന് സമസ്ത അറിയിച്ചു.ഇനിയും പലതും തിരുത്താനുണ്ട്. മുപ്പതിന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം സംസാരിക്കും. ജെന്‍ഡര്‍ന്യൂട്രല്‍ യൂണിഫോം, ക്്ളാസ് മുറികളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തിയുള്ള ഇരിപ്പട സംവിധാനം എന്നിവയില്‍നിന്ന് സര്‍ക്കാര്‍പിന്‍വാങ്ങുകയാണെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം മികസ്ഡ് സ്്കൂളുകള്‍ വേണമോ എന്ന് പിടിഎക്കും സ്്കൂള്‍അധികൃതര്‍ക്കും തീരുമാനിക്കാമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് .