സമസ്ത വിശദീകരണം തേടിയ കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ നദ്്വിക്ക് മുസ്്ലീം ലീഗ് നേതാവിന്‍റെ പേരിലുളള അവാര്‍ഡ് പ്രഖ്യാപിച്ച് കൂടുതല്‍ പിന്തുണ അറിയിച്ച് ലീഗ് നേതൃത്വം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുളള പ്രധാന നേതാക്കളെല്ലാം കൊളത്തൂര്‍ മൗലവി അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് തീരുമാനം. 

ലീഗില്‍ വിശ്വാസം അര്‍പ്പിക്കുന്നവരെ സമസ്ത നേതൃത്വത്തെ ചേര്‍ത്തു പിടിക്കാനും എതിര്‍ക്കുന്നവരെ അവഗണിക്കാനുമാണ് ലീഗ് തീരുമാനം. സുപ്രഭാതം ദിനപത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ കൂടിയായ ഡോ. ബഹാവുദ്ദീന്‍ നദ്്വി സ്വന്തം പത്രത്തിലെ ലീഗിന് അതൃപ്തിയുളള  നിലപാടുകളെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ഡോ. ബഹാവുദ്ദീന്‍ നദ്്വിയോട് സമസ്ത വിശദീകരണം തേടിയതിനു പിന്നാലെയാണ് മുസ്്ലീം ലീഗ് കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രഖ്യാപിച്ചത്. അടുത്ത മാസം 3ന് ചെമ്മാട് വച്ചു നടക്കുന്ന ചടങ്ങില്‍ ലീഗിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.  

വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനം പരിഗണിച്ചാണ് അവാര്‍ഡ് എങ്കിലും ലീഗിനോട് ഐക്യദാര്‍ഢ്യമുളള പ്രധാന നേതാക്കളില്‍ ഒരാളാണ് ഡോ. ബഹാവുദ്ദീന്‍ നദ്്വി. സുപ്രഭാതത്തില്‍ നയംമാറ്റം സംഭവിച്ചെന്ന ബഹാവുദ്ദീന്‍ നദ്്വിയുടെ പ്രസ്താവനയില്‍ 48 മണിക്കൂറിനകം വിശദീകരണം വേണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു. അടുത്ത മുശാവറ യോഗത്തില്‍ വിശദീകരണം നല്‍കാമെന്നാണ് മറുപടി നല്‍കയത്. ബഹാവുദ്ദീന്‍ നദ്്വിക്കുളള ഐക്യദാര്‍ഢ്യം കൂടിയാവും അവാര്‍ഡ്്ദാന ചടങ്ങ്.