വിവാദമായ സർവ്വകലാശാല നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കി.  സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെതിരെ 

വ്യത്യസ്ത നിലപാടുകളുമായി ഭരണപക്ഷവും പ്രതിപക്ഷവും പോരടിച്ചിരുന്നു. പാവകളെ വൈസ് ചാന്‍സലര്‍മാരാക്കാന്‍ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള മേല്‍കൈ ഇല്ലാതെയാക്കുന്നതാണ് ബില്ലിന്‍റെ കാതല്‍. 

വിസി നിയമന പാനലിൽ അഞ്ചംഗങ്ങൾ വരുന്നതോടെ സർവകലാശാലകളിലെ ആർഎസ്എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്ന് കെടി ജലീൽ അഭിപ്രായപ്പെട്ടപ്പോൾ ആർഎസ്എസിന്റെ കാവിവത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമയി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട്. അതുകൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല. ചട്ടങ്ങൾക്ക് അനുസൃതമാണ് സർവകലാശാല  നിയമ ഭേദഗതിയെന്ന് ആർ. ബിന്ദു പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പരോക്ഷമായി പറഞ്ഞുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തി. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞതോടെയാണ് പ്രതിഷേധം അടങ്ങിയത്. ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് റദ്ദായ ഒാര്‍ഡിനന്‍സുകൾ നിയമമാക്കാന്‍  ചേര്‍ന്ന നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും.