സംസ്ഥാനത്ത് ഇക്കുറിയും ഓണനാളില്‍ റെക്കോഡ് മദ്യവില്‍പന. ഓണനാളിലെ ഏഴു ദിവസം കൊണ്ടു വിറ്റത് 624 കോടി രൂപയുടെ മദ്യം. തിരുവോണത്തലേന്ന് മാത്രം 118.87 കോടിരൂപയുടെ മദ്യമാണ് വിറ്റത്. എട്ടു ദിവസം കൊണ്ടു മാത്രം 550 കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. ഓണം, ക്രിസ്മസ് , വിഷു ആഘോഷങ്ങള്‍ ഏതുമാകട്ടെ , കുടിച്ചു റെക്കോഡിടുന്ന മലയാളിയുടെ പതിവ് ഇക്കുറിയും തെറ്റിച്ചില്ല. കഴിഞ്ഞ വര്‍ഷം ഓണനാളിലെ ഏഴുദിവസം കൊണ്ടു വിറ്റത് 529 കോടിരൂപയുടെ മദ്യമായിരുന്നെങ്കില്‍ ഇക്കുറിയത് 624 ല്‍ എത്തിച്ചാണ് മലയാളി റെക്കോഡിട്ടത്. അതായത് കഴിഞ്ഞ തവണത്തേതില്‍ നിന്നു 95 കോടി രൂപയുെട മദ്യം അധികം വിറ്റു. ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 118.87 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ തവണയിത് 85 കോടിയുടെ മദ്യമായിരുന്നു. 

 

കൊല്ലത്തെ ആശ്രാമം ഓട്്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. ഇവിടെ ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. ഒരു കോടി രണ്ടു ലക്ഷം രൂപയുടെ മദ്യം വിറ്റ്  തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്്ലെറ്റ് രണ്ടാം സ്ഥാനത്തെത്തി. തിരുവോണദിനത്തില്‍ ഔട്്ലെറ്റുകള്‍ക്ക് അവധിയായിരുന്നു.പ്രളയും മഹാമാരിയും പിന്നിട്ട് ഇക്കുറി പൂര്‍ണതോതില്‍ ഓണമാഘോഷിച്ച മലയാളി ഔട്്ലെറ്റിനു മുന്നിലും ക്യൂ നിന്നപ്പോള്‍ രക്ഷപ്പെട്ടത് സര്‍ക്കാരു കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടില്‍ കിതയ്ക്കുന്ന സര്‍ക്കാരിനു മദ്യത്തിലെ വരുമാന വര്‍ധന താങ്ങായി. 550 കോടി രൂപയാണ് ഏഴു ദിവസം കൊണ്ടുമാത്രം നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയത്.