കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അത്യാഢംബര കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ച ശേഷം രക്ഷപ്പെട്ടു. മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരുക്കേറ്റു. രക്ഷപ്പെട്ട പ്രതിയുടേയും കൂട്ടുപ്രതികളുടേയും ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിമാന ജീവനക്കാരേയും വിമാനത്താവള ജീവനക്കാരേയും ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രധാനി റിയാസിന്‍റെ വാഹനം തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. എറണാകുളത്തു നിന്ന് റിയാസ് കരിപ്പൂരില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചത്. അപ്രതീക്ഷിതമായി അത്യാഢംബര കാര്‍ പിന്നോട്ട് കുതിപ്പിച്ച ശേഷം മുന്നോട്ടു പോവുകയായിരുന്നു. റിയാസിനെ പുറത്തിറക്കാന്‍ കാറിന്‍റെ ഡോറിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ പിന്നോട്ട് തെറിച്ചു വീണാണ് പരുക്കേറ്റത്. കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടും കഴിഞ്ഞ ഒരു മാസമായി റിയാസ് ഒളിവിലായിരുന്നു.
വെളള ആഢംബര കാറിന്‍റെ നിറം സ്റ്റിക്കര്‍ പതിച്ച് ഗ്രെ ആക്കി മാറ്റിയിട്ടുണ്ട്. നിലവില്‍ ദുബായിലുളള കൂട്ടുപ്രതികളും കൊടുവളളി സ്വദേശികളുമായ ഷബീബിനും ജലീലിനും വേണ്ടി അന്വേഷണം ആരംഭിച്ചു. വിമാന ജീവനക്കാരെ ഉപയോഗിച്ച് കഴിഞ്ഞ മാസം 5 കിലോ സ്വര്‍ണം കടത്തിയതിനും പിന്നിലും റിയാസും സംഘമാണന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. വിമാന ജീവനക്കാരേയും വിമാനത്താവള ജീവനക്കാരേയും സ്വര്‍ണക്കടത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തിലേയും പ്രധാനിയാണ് രക്ഷപ്പെട്ട റിയാസ്.
Karipur airport gold smuggling case accused escaped