karipur-airport-gold-case-2

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണം കടത്തിയ കാരിയറും തട്ടാനെത്തിയ സംഘവും പൊലീസ് പിടിയിൽ. ദുബായിൽ നിന്നെത്തിയ കാരിയർ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടുവിൽ മുഹമ്മദ് അനീസിന്‍റെ അറിവോടെ കണ്ണൂരിൽ നിന്നെത്തിയ നാലംഗസംഘവും വലയിലായി. പുതിയ ഐഫോണുകളും 54 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.  ഐഫോണുകളും സ്വര്‍ണവുമായി താന്‍ വിമാനം ഇറങ്ങുബോള്‍ തട്ടിക്കൊണ്ടു പോകാന്‍ ധാരണയുണ്ടാക്കിയ മുഹമ്മദ് അനീസിന് പുറമേയാണ് തട്ടാനെത്തിയ തലശേരി കതിരൂർ പൊന്ന്യം വെസ്റ്റ് സ്വദേശി പ്രസാദ്, തലശേരി ചാലിൽ റോഡ് കിരൺ, കണ്ണൂർ ധർമടം കളത്തിൽ വളപ്പിൽ നിയാസ്, തളിപ്പറമ്പ് നടുവിൽ ഗിരീഷ് എന്നിവരാണ് വിമാനത്താവളത്തിൽ നിന്ന്‌ പൊലീസ് പിടിയിലായത്. 

രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വർണവും അടക്കമുളള വസ്തുക്കള്‍ അനീസിന്‍റെ കൈവശമുണ്ടായിരുന്നു. ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ സി.ഐ. ഷിബുവന്‍റെ നേതൃത്വത്തിലുളള സംഘം കാത്തിരുന്ന് മുഹമ്മദ് അനീസിനേയും സംഘത്തേയും വലയിലാക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകാന്‍ എത്തിയവര്‍ സഞ്ചരിച്ച രണ്ടു കാറുകളും പിടിച്ചെടുത്തു. കാരിയര്‍മാരുടെ സമ്മതത്തോടെ സമാനമായ രീതിയില്‍ ഇതേ സംഘം മുന്‍പും കളളക്കടത്തു സ്വര്‍ണം തട്ടിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മൂന്നു മാസം മുന്‍പും കാരിയറിന്‍റെ സമ്മതത്തോടെ താനൂരില്‍ നിന്നുളള സംഘം സ്വര്‍ണം തട്ടാന്‍ എത്തിയിയിരുന്നു. ഇവരെ പിന്തുടര്‍ന്ന് അന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അര്‍ജുന്‍ ആയങ്കി അടക്കമുളള പ്രതികള്‍ അറസ്റ്റിലായത്.

 

Gold seized at karipur airport  four held