ലിസ് ട്രസ്

TAGS

അധികാരമേറ്റ് നാൽപത്തിയഞ്ചാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്സ് രാജിവച്ചു. അശാസ്ത്രീയമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ കടുത്ത എതിര്‍പ്പുയര്‍ന്നതോടെയാണ് രാജി. പുതിയ നേതാവിനെ ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുക്കുമെന്ന് ലിസ്സ് ട്രസ്സ് അറിയിച്ചു. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും രാജിവച്ചു. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി പദത്തിലിരുന്നയാൾ എന്ന മോശം റെക്കോർഡുമായാണ് ലിസ്സിന്റെ പടിയിറക്കം. കഴിഞ്ഞ ദിവസം നടന്നപാര്‍ലമെന്റ് സമ്മേളനത്തില്‍ സ്ഥാനമൊഴിയില്ലെന്നും ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുമെന്നും പറഞ്ഞ ലിസ് ട്രസ് 24 മണിക്കൂര്‍ തികയും മുൻപ് അത്യന്തം നാടകീയമായാണ്  രാജി പ്രഖ്യാപിച്ചത്. 

 

കടുത്ത വെല്ലുവിളികള്‍ക്കിടെ അധികാരമേറ്റ തനിക്ക് പാർട്ടിയോടും ജനങ്ങളോടുമുള്ള ബാധ്യത നിറവേറ്റാനാകാത്ത സാഹചര്യത്തിലാണ് രാജിയെന്ന് ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കുമുന്നില്‍നിന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടിയ ഇടക്കാല ബജറ്റാണ് ട്രസിന് പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ പ്രധാനകാരണം. അശാസ്ത്രീയമായി നികുതിയിളവും എനര്‍ജി ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള തീരുമാനം വിപണിയെ തളര്‍ത്തി.  ഇതോടെ ധനമന്ത്രി ക്വാസി ക്വാര്‍ട്ടെങ്കിന്റെ രാജി ചോദിച്ചുവാങ്ങുകയും ജെറമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടക്കാല ബജറ്റിലെ നികുതിയളവ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളെല്ലാം മരവിപ്പിച്ചു.  ജനങ്ങള്‍ക്കിടയിലും ഭരണപക്ഷ എം.പിമാര്‍ക്കിടയില്‍ പോലും ഇത് കടുത്ത അതൃപ്തിക്ക് കാരണമായി.  വൈകാതെ ആഭ്യന്തര മന്ത്രിക്കും സ്ഥാനമൊഴിയേണ്ടിവന്നു. 

 

സ്വകാര്യ ഇ-മെയിൽ വിലാസത്തിൽ നിന്ന് സഹപ്രവർത്തകരായ എംപിമാർക്ക് സർക്കാർ രേഖകൾ അയച്ചതാണ് സുവെല്ല ബ്രേവർമാന് വിനയായത്. എന്നാല്‍ രാജിക്കത്തില്‍ പ്രധാനമന്ത്രിയോടുള്ള അവിശ്വാസം ബ്രേവര്‍മാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ നാല്‍പത് മുതിര്‍ന്ന ടോറി എം.പിമാര്‍ വിട്ടുനില്‍ക്കുകകൂടി ചെയ്തതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ലിസ് ട്രസ്. തുടര്‍ന്നാണ് രാജി . പൊതു തിരഞ്ഞടുപ്പ് വേണമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിച്ച ഇന്ത്യന്‍ വംശജന്‍ റിഷി സുനാക്കിന്റെതുള്‍പ്പെടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 

UK Prime Minister Liz Truss resigns