TAGS

ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ ആരാകും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവം. ഉടന്‍ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ വെള്ളിയാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നിലപാട്. ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക് ഉള്‍പ്പെടെയുള്ള പേരുകള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം. 

 

ജനങ്ങള്‍ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാല്‍ പൊതു തിര‍ഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സ്കോട്ടീഷ് നാഷണൽ പാർട്ടിയും ആവശ്യപ്പെടുന്നത്. എന്നാല്‍ അടുത്ത വെള്ളിയാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചവരെ എംപിമാര്‍ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യാം. കുറഞ്ഞത് നൂറ് എംപിമാരുടെയെങ്കിലും പിന്തുണയുള്ളവര്‍ക്കെ മല്‍സരിക്കാനാവൂ എന്നാണ് വ്യവസ്ഥ. അതിനാല്‍ പരമാവധി മൂന്നുപേരേ മല്‍സരരംഗത്തുണ്ടാവൂ. മൂന്നുപേര്‍ മല്‍സരിക്കാന്‍ വന്നാല്‍ ആദ്യം ഓണ്‍ലൈനിലൂടെ വോട്ടെടുപ്പ് നടത്തും. ഇതില്‍ മുന്നിലെത്തുന്ന രണ്ടുപേര്‍ തമ്മിലായിരിക്കും മല്‍സരം. വെള്ളിയാഴ്ചയ്ക്കകം എല്ലാ നടപടിക്രമങ്ങളും പൂർ‍ത്തിയാക്കി പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ ജെയ്ക്ക് ബെറി വ്യക്തമാക്കി. 

 

ലിസ്സ് ട്രസ്സിനെതിരേ മൽസരിച്ച് രണ്ടാംസ്ഥാനത്തായ ഇന്ത്യൻ വംശജന്‍ ഋഷി സുനാക്കിന്റെയും കഴിഞ്ഞ തവണ ഒന്നാം റൗണ്ടിൽ മൽസരത്തിനുണ്ടായിരുന്ന പെന്നി മോർഡന്റിന്റെയും പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സജീവമായി ഉയരുന്നത്. സാമ്പത്തിക വിദഗ്ധനും മുന്‍ ധനമന്ത്രിയുമായ സുനാക്കിന് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ കഴിയുമെന്ന് ഏറെ പേര്‍ വിശ്വസിക്കുന്നു. ബ്രിട്ടന്റെ ആദ്യ വനിത പ്രതിരോധ മന്ത്രിയും നിലവില്‍ ഹൗസ് ഓഫ് കോമണ്‍സ് ലീഡറുമായി പെന്നി മോര്‍ഡന്റിനും എംപിമാര്‍ക്കിടയില്‍ ശക്തമായ സ്വാധീനമുണ്ട്. മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, മുതിർന്ന നേതാവ് മൈക്കിൾ ഗോവ് എന്നിവരുടെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തിരികെ വിളിക്കണമെന്ന ആവശ്യവും ഉയര്‍ന്നുതുടങ്ങി. അതേസമയം  പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പിച്ചിരുന്ന ധനമന്ത്രി ജെറമി ഹണ്ട് മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി. 

 

Content Highlight: Liz Truss, General Election