ഒടിടിയിലെ അശ്ളീല വെബ്സീരിസിന്റെ ചതിക്കുഴിയില്‍പെട്ട് ജീവിതം വഴിമുട്ടിയ കൂടുതല്‍ പേര്‍ ദുരവസ്ഥ വെളിപ്പെടുത്തി രംഗത്ത്. ഷോര്‍ട് ഫിലിം എന്ന ധാരണയില്‍ അഭിനയിക്കാന്‍ പോയ തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ യുവാവ് അശ്ളീല വെബ് സീരീസിന്റെ റിലീസോടെയാണ് തനിക്ക് പറ്റിയ ചതി തിരിച്ചറിഞ്ഞത്. വെങ്ങാനൂര്‍ സ്വദേശിയായ ഇരുപത്തിയാറുകാരന് പിന്നാലെയാണ് ഒടിടിയിലെ അശ്ളീല വെബ്സീരിസിന്റെ ചതിക്കുഴിയിലകപ്പെട്ടത് തുറന്നുപറഞ്ഞ് ബാലരാമപുരം സ്വദേശിയും മനോരമ ന്യൂസിന് മുന്നിലെത്തിയത്.
നിത്യചെലവിന് വക കണ്ടെത്താനായാണ് ബാലരാമപുരം സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ സുഹൃത്തിന്റെ ക്ഷണത്തില്‍ ഷോര്‍ട് ഫിലിമില്‍ അഭിനയിക്കാനെത്തിയത്. വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള വനിത സംവിധായികയുടേതും ഒടിടി ടീമിന്റേതുമായിരുന്നു ചിത്രം. നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തില്‍ സെക്യുരിറ്റിക്കാരനായും വേഷമിട്ടു. രണ്ട് ചിത്രങ്ങള്‍ക്കുമായി ആകെ മൂന്ന് ദിവസത്തെ ചിത്രീകരണം, മൂവായിരം രൂപ പ്രതിഫലം. പക്ഷെ ഷോര്‍ട് ഫിലിമെന്ന പേരില്‍ ചിത്രീകരിച്ച വെബ് സീരീസിലൊന്ന് ഒടിടിയില്‍ പുറത്തെത്തിയതോടെ ജീവിതം തകര്‍ന്നു. വെബ്സീരിസിലെ അശ്ലീല ദൃശ്യങ്ങളിലൊന്നും ഈ യുവാവ് ഇല്ലെങ്കിലും അതേ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നാട്ടില്‍ നീലച്ചിത്ര നടനെന്ന പേര് വീണു. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും പൊലീസില്‍ പരാതിപ്പെടാനുള്ള ധൈര്യമില്ലാതെയാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും താന്‍ അകപ്പെട്ട കെണിയും തുറന്നുപറയുന്നത്.
OTT porn series fraud; more Victims